കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രി മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ സാമ്പത്തിക ക്രമക്കേട് കേസിൽ സിബിഐ അറസ്റ്റ് ചെയ്‌തു. തിങ്കളാഴ്‌ച (സെപ്റ്റംബർ 2 ) വൈകുന്നേരമാണ് അറസ്‌റ്റ് ചെയ്‌തത്. ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ വനിത ട്രെയിനി ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിൽ കഴിഞ്ഞ രണ്ടാഴ്‌ചയായി ഇയാളെ ചോദ്യം ചെയ്‌ത് വരികയായിരുന്നു.
ബിധാൻനഗറിലെ സിജിഒ കോംപ്ലക്‌സിലായിരുന്നു ചോദ്യം ചെയ്യൽ. ഓഗസ്‌റ്റ് 9 നാണ് ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് അതിക്രൂരമായ ബലാത്സംഘത്തിനിരയായി ട്രെയിനി ഡോക്‌ടര്‍ കൊല്ലപ്പെടുന്നത്. സന്ദീപ് ഘോഷ് പ്രിൻസിപ്പൽ ആയിരിക്കെയാണ് ഈ അതിദാരുണ സംഭവം നടക്കുന്നത്.
ഇതിനെത്തുടർന്ന് സന്ദീപ് ഘോഷിനെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. കൽക്കട്ട ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് കേസിൽ ഇയാളെ സിബിഐ ചോദ്യം ചെയ്‌ത് വരികയായിരുന്നു. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്ന ഇയാൾ പിന്നീട് ആർജി കാറിൻ്റെ അഴിമതിക്കേസിലും ഉൾപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സിബിഐ ഇയാളെ അറസ്‌റ്റ് ചെയ്‌തത്.
Also Read:സ്വാതി മലിവാളിനെ ആക്രമിച്ച കേസ്: ബിഭവ് കുമാറിന് ജാമ്യം