പശ്ചിമ ബംഗാള്‍: കൊൽക്കത്തയിലെ സർക്കാർ മെഡിക്കൽ കോളജിൽ വനിത ഡോക്‌ടര്‍ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധത്തിനിടെ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പ്രൊഫ. സന്ദീപ് ഘോഷ് രാജിവച്ചു. സംഭവത്തിന് പിന്നാലെ രാജ്യവ്യാപകമായി ഡോക്‌ടര്‍മാര്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് രാജി. ഇന്ന് (ഓഗസ്റ്റ് 12) രാവിലെയാണ് രാജി സമര്‍പ്പിച്ചത്. സമരം ചെയ്യുന്ന വിദ്യാർഥികളുടെ ആവശ്യങ്ങളിലൊന്നായിരുന്നു അദ്ദേഹത്തിന്‍റെ രാജി.
'സോഷ്യൽ മീഡിയ എന്നെ മോശമായി ചിത്രീകരിക്കുകയാണ്... മരിച്ച ഡോക്‌ടർ എന്‍റെ മകളെപ്പോലെയായിരുന്നു... ഒരു രക്ഷിതാവെന്ന നിലയിൽ ഞാൻ രാജിവയ്‌ക്കുന്നു... ഭാവിയിൽ ഇത് ആർക്കും സംഭവിക്കാതിരിക്കട്ടെ...' എന്ന് പ്രൊഫ. ഘോഷ് മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ ആർജി കർ കോളജ് മെഡിക്കൽ സൂപ്രണ്ടിനെയും വൈസ് പ്രിൻസിപ്പലിനെയും തത്‌സ്ഥാനത്ത് നിന്ന് ആരോഗ്യ വകുപ്പ് നീക്കം ചെയ്‌തിരുന്നു. പ്രൊഫസർ ഡോ. ബുൾബുൾ മുഖോപാധ്യായയെ പുതിയ വൈസ് പ്രിൻസിപ്പലായി നിയമിക്കുകയും ചെയ്‌തു.
കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളജിലെ പിജി ട്രെയിനി ഡോക്‌ടറാണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 9ന് രാത്രിയാണ് സംഭവം. ആശുപത്രിയിലെ സെമിനാർ ഹാളിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക പരിശോധനയ്‌ക്കും പോസ്‌റ്റ്‌മോർട്ടത്തിനും ശേഷം ലൈംഗിക പീഡനത്തിന് ഇരയായാണ് ഡോക്‌ടർ കൊല്ലപ്പെട്ടത് എന്ന് തിരിച്ചറിഞ്ഞു.
സംഭവത്തില്‍ ഒരാൾ അറസ്റ്റിലായെങ്കിലും മജിസ്‌ട്രേറ്റ് തല അന്വേഷണം ആവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് റസിഡൻ്റ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ (ഫോർഡ) ഇപ്പോഴും സമരത്തിലാണ്. കേസിൽ സിബിഐ അന്വേഷണം, അതിവേഗ കോടതി, എല്ലാ ആശുപത്രികളിലും കേന്ദ്ര സംരക്ഷണ നിയമം നടപ്പാക്കാൻ സമിതി രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഫോർഡ ഉന്നയിക്കുന്നുണ്ട്. രാജ്യത്തുടനീളമുള്ള മൂന്ന് ലക്ഷത്തോളം ഡോക്‌ടർമാർ പ്രതിഷേധത്തിൽ പങ്കെടുത്തു.
തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ അനിശ്ചിതകാല സമരം തുടരുമെന്നും ഫോർഡ ജനറൽ സെക്രട്ടറി സർവേഷ് പാണ്ഡെ അറിയിച്ചു. ആശുപത്രി സുരക്ഷയുടെ ചുമതലയുണ്ടായിരുന്ന അസിസ്റ്റൻ്റ് കമ്മിഷണറെ കൊൽക്കത്ത പൊലീസ് നീക്കം ചെയ്‌തുവെന്നത് ശ്രദ്ധേയമാണ്.
Also Read: കൊല്‍ക്കത്തയിലെ ഡോക്‌ടറുടെ കൊലപാതകം: കേരളത്തിൽ പ്രതിഷേധവുമായി മെഡിക്കോസ്