ചെന്നൈ: എസി മുറിയില്‍ തളിച്ച എലിവിഷത്തില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ച് ഒന്നും ആറും വയസുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം. ചെന്നൈയിലെ കുന്ദ്രത്തൂരിലാണ് സംഭവം. കീടനാശിനി കമ്പനിക്കെതിരെ പൊലീസ് കേസെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്‌തിട്ടുണ്ട്.
മുറിയില്‍ തളിച്ച എലിവിഷമാണ് കുട്ടികളുടെ ദാരുണാന്ത്യത്തിന് ഇടയാക്കിയതെന്ന് പൊലീസ് പറയുന്നു. കുട്ടികളുടെ മൃതദേഹങ്ങള്‍ ക്രോമെപേട്ടിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോസ്‌റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വൈഷ്‌ണവി(6), സായ് സുദര്‍ശന്‍(1) എന്നിവരാണ് മരിച്ചത്. ഇവരുടെ മാതാപിതാക്കളായ ഗിരിധരനെയും പവിത്രയെയും അതീവ ഗുരുതരാവസ്ഥയില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്‌ച രാത്രിയാണ് വീട്ടില്‍ നിന്ന് എലിവിഷത്തില്‍ നിന്നുള്ള വിഷവാതകം ഇവര്‍ ശ്വസിച്ചത്.
അറസ്റ്റിലായ കീടനാശിനി ഏജന്‍റ് ദിനകരന്‍ വീടിനുള്ളില്‍ എലിവിഷം തളിച്ചതിന് പിന്നാലെ എസി ഓണ്‍ ചെയ്‌തതാണ് അപകടകരമായതെന്നാണ് വിലയിരുത്തല്‍. വിഷവാതകം ജനാല വഴി പുറത്ത് പോകാതിരുന്നതോടെ കുഞ്ഞുങ്ങള്‍ ശ്വാസം മുട്ടി മരിക്കുകയായിരുന്നു.
വീട്ടിലെ എലിശല്യം ഇല്ലാതാക്കാന്‍ വേണ്ടിയാണ് എലിവിഷം തളിച്ചത്. ഇതിനായി സ്വകാര്യ കീടനാശിനി കമ്പനിയുടെ സഹായമാണ് ഇവര്‍ തേടിയത്. അമിതമായ അളവില്‍ എലിവിഷം തളിച്ചതാണ് അപകടത്തിനിടയാക്കിയതെന്നാണ് നിഗമനം. എലിവിഷം തളിച്ചതിന്‍റെ പിറ്റേദിവസം തന്നെ കുടുംബാംഗങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടായി. അയല്‍ക്കാര്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടികളെ രക്ഷിക്കാനായില്ല.
കീടനാശിനികളും കളനാശിനികളും മറ്റും ദുരുപയോഗം ചെയ്യുന്നതിന്‍റെ അപകടത്തെക്കുറിച്ചാണ് ഈ ദൗര്‍ഭാഗ്യകരമായ സംഭവം മുന്നറിയിപ്പ് നല്‍കുന്നത്. ഇത്തരം രാസവസ്‌തുക്കള്‍ ഉപയോഗിക്കുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളില്‍.
ടി നഗറിലെ കീടനാശിനി കമ്പനിക്കെതിരെ പൊലീസ് ഉടന്‍ തന്നെ നടപടികള്‍ കൈക്കൊണ്ടു. കമ്പനിയിലെ മൂന്ന് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
കീടനാശിനി ഏജന്‍റായ ദിനകരനെ അറസ്റ്റ് ചെയ്‌തു. രണ്ട് പേര്‍ ഒളിവിലാണ്. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. താമ്പരം ഫോറന്‍സിക് വിദഗ്‌ധര്‍ സംഭവ സ്ഥലത്ത് നിന്ന് സാമ്പിളുകള്‍ ശേഖരിച്ചു.
Also Read: മോമോസ് കഴിച്ച യുവതി മരിച്ചു; 50 പേർ ആശുപത്രിയിൽ, സംഭവം ഹൈദരാബാദില്‍