ഹൈദരാബാദ്: അമേരിക്കയിൽ താമസിക്കുന്ന ദമ്പതികളെ പറ്റിച്ച് വൃക്ക മാറ്റിവെക്കാനെന്ന വ്യാജേന തട്ടിയെടുത്തത് 80 ലക്ഷം രൂപ. ഹൈദരാബാദ് ഖാജഗുഡ സ്വദേശികളായ പിന്നിൻ്റി രംഗറെഡി - സുനിത ദമ്പതികൾ തട്ടിപ്പിനിരയായത്. വൃക്ക സംബന്ധമായ പ്രശ്‌നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന ദമ്പതികൾ ഡയാലിസിസ് മെഷീന് വേണ്ടിയാണ് അമേരിക്കയിൽ വച്ച് അജയ് മാഡ്‌ഹോക് എന്നയാളെ കണ്ടുമുട്ടുന്നത്.
ഇയാളാണ്, തട്ടിപ്പിൽ കൂട്ടാളികളാണെന്ന് ആരോപിക്കപ്പെടുന്ന സഞ്ജീവ് ശർമ, രഞ്ജിത് സിങ്, രാം കിഷൻ എന്നിവരെ ദമ്പതികൾക്ക് പരിചയപ്പെടുത്തുന്നത്. 1 കോടി രൂപക്ക് കൊൽക്കത്തയിലെ ഹോസ്‌പിറ്റലിൽ വച്ച് വൃക്ക മാറ്റി നൽകാമെന്ന് ഇവർ ദമ്പതികൾക്ക് ഉറപ്പ് നൽകി. വില പേശലിന് ശേഷം തുക 80 ലക്ഷത്തിൽ എത്തിച്ചു.
ഈ തുക നാല് തവണകളായി കൈമാറുകയും ചെയ്‌തു. ഇതിന് ശേഷം വൃക്ക മാറ്റിവക്കലിനായി മൂന്ന് തവണ ദമ്പതികൾ നാട്ടിലെത്തിയെങ്കിലും ഓരോരോ കാരണങ്ങൾ പറഞ്ഞ് ഇവരെ മടക്കി അയക്കുകയായിരുന്നു. ജൂലൈയിൽ നാട്ടിൽ എത്തിയപ്പോൾ ഡോക്‌ടർമാരുടെ ലഭ്യതക്കുറവ് ചൂണ്ടിക്കാട്ടിയാണ് ദമ്പതികളെ തിരിച്ചയച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഓഗസ്‌റ്റിൽ വീണ്ടും നാട്ടിലെത്തിയെങ്കിലും നിയമനടപടികൾ അപൂർണമാണെന്ന് പറഞ്ഞ് ദമ്പതികളിൽ നിന്ന് അധിക തുക ആവശ്യപ്പെട്ടു. വീണ്ടും അമേരിക്കയിലേക്ക് മടങ്ങിയ ദമ്പതികളെ ചികിത്സ പൂർത്തിയാക്കുമെന്ന് ഉറപ്പു നൽകി സെപ്റ്റംബറിൽ വീണ്ടും നാട്ടിലെത്തിച്ചു. പക്ഷെ കൊൽക്കത്തയിലെത്തിയതോടെ പ്രതികൾ പ്രതികരണം പാടെ നിർത്തി.
ഒന്നുകിൽ ട്രാൻസ്പ്ലാന്‍റ് അല്ലെങ്കിൽ പണം തിരികെ നൽകണമെന്ന് ദമ്പതികൾ ആവശ്യപ്പെട്ടെങ്കിലും മറുപടി ഒന്നും ലഭിച്ചില്ല. തങ്ങൾ വഞ്ചിക്കപ്പെട്ടുവെന്ന് മനസിലാക്കിയ ദമ്പതികൾ യുഎസ് പൊലീസിനെ സമീപിച്ചെങ്കിലും അവർ ഇന്ത്യയിൽ പരാതി നൽകാൻ ഉപദേശിക്കുകയായിരുന്നു.
കുറ്റകൃത്യത്തിന്‍റെ വ്യാപ്‌തി പരിഗണിച്ചാണ് കേസ് സെക്കന്തരാബാദ് സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.