ന്യൂഡൽഹി: ഡൽഹി മെട്രോയിൽ യാത്ര ചെയ്യുന്ന വിദ്യാർഥികൾക്ക് 50 ശതമാനം യാത്രാ ഇളവ് നൽകണമെന്ന് നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി ആം ആദ്‌മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ. 'വിദ്യാർഥികളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനായി, ഡൽഹി മെട്രോയിലെ വിദ്യാർഥികൾക്ക് 50 ശതമാനം ഇളവ് നൽകണം' എന്ന് അരവിന്ദ് കെജ്‌രിവാൾ കത്തിൽ പറയുന്നു.
ഡൽഹി മെട്രോയിൽ കേന്ദ്രത്തിനും ഡൽഹി സർക്കാരിനും പങ്കാളിത്തമുണ്ട്, അതിനാൽ തന്നെ ചെലവുകൾ ഇരുകൂട്ടരും ചേർന്ന് വഹിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 'എഎപി വിദ്യാർഥികൾക്ക് സൗജന്യ ബസ് യാത്ര ആസൂത്രണം ചെയ്യുന്നുണ്ട്' എന്നും കത്തിൽ കെജ്‌രിവാൾ കൂട്ടിച്ചേർത്തു.
ഡൽഹി സർക്കാരിന്‍റെയും കേന്ദ്ര സർക്കാരിന്‍റെയും ഒരു സംയുക്ത പദ്ധതിയാണ് ഡൽഹി മെട്രോ. അതിന്‍റെ കാര്യത്തിൽ തീരുമാനമെടുക്കാൻ രണ്ട് സർക്കാരുകൾക്കും അവകാശമുണ്ട്. അതിനാൽ വിദ്യാർഥികൾക്ക് യാത്രാ ഇളവ് നൽകുമ്പോൾ അതിനുള്ള ചെലവ് ഡൽഹി സർക്കാരും കേന്ദ്ര സർക്കാരും തുല്യമായി വഹിക്കണം എന്നും കെജ്‌രിവാൾ കത്തിൽ പറയുന്നു.
ഡൽഹിയിലെ വിദ്യാർഥികൾ സ്‌കൂളുകളിലേക്കും കോളജുകളിലേക്കും യാത്ര ചെയ്യാൻ മെട്രോയെയാണ് ആശ്രയിക്കുന്നത്. അതിനാൽ അവരുടെ മേലുള്ള സാമ്പത്തിക ബാധ്യത കുറയ്ക്കണമെന്ന് കെജ്‌രിവാൾ വ്യക്തമാക്കി.
നഗരത്തിലെ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര എന്ന നിലവിലുള്ള പദ്ധതി വിപുലീകരിച്ചുകൊണ്ട് വിദ്യാർഥികൾക്ക് സൗജന്യ ബസ് യാത്ര വാഗ്‌ദാനം ചെയ്യുന്നതിനെക്കുറിച്ച് ആം ആദ്‌മി സർക്കാർ പരിഗണിക്കുന്നുണ്ടെന്നും കെജ്‌രിവാൾ വെളിപ്പെടുത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഫെബ്രുവരി 5ന് ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കെജ്‌രിവാൾ മോദിക്ക് കത്തെഴുതുന്നത്. ഭരണകക്ഷിയായ എഎപി ഇതിനകം 70 നിയമസഭാ സീറ്റുകളിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഭാരതീയ ജനതാ പാർട്ടി (ബിജെപി) 59 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
ജനുവരി 17 ആണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ജനുവരി 18 ആണ് പത്രികകളുടെ സൂക്ഷ്‌മ പരിശോധന. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ജനുവരി 20 ആണ്.
ഡൽഹിയിൽ ഭരണകക്ഷിയായ എഎപി, ബിജെപി, കോൺഗ്രസ് എന്നിവർ തമ്മിൽ ത്രികോണ മത്സരമാണ് നടക്കുന്നത്. തലസ്ഥാന നഗരിയിൽ തുടർച്ചയായി 15 വർഷം അധികാരത്തിലിരുന്ന കോൺഗ്രസ് കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളിലും തിരിച്ചടി നേരിട്ടിരുന്നു. ഒരു സീറ്റും കോൺഗ്രസിന് നേടാൻ കഴിഞ്ഞിട്ടില്ല. 2020ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 70ൽ 62 സീറ്റുകൾ നേടി എഎപി ആധിപത്യം സ്ഥാപിച്ചപ്പോൾ ബിജെപിക്ക് എട്ട് സീറ്റുകളാണ് ലഭിച്ചത്.
Also Read: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഡൽഹിയിലെ ചേരികൾ ബിജെപി പൊളിച്ചു നീക്കും: അരവിന്ദ് കെജ്‌രിവാള്‍