ബെംഗളൂരു (കർണാടക) : കുഴൽക്കിണറുകളിലെ ജലനിരപ്പ് വിലയിരുത്താനും ഉപയോഗം ക്രമീകരിക്കാനും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉള്‍പ്പടെയുള്ള (എഐ) ആധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്താന്‍ ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ് (BWSSB). ജലവിതരണ, ഡ്രെയിനേജ് ബോർഡ് ചെയർമാൻ ഡോ. രാം പ്രസാദ് മനോഹർ ആണ് ഇക്കാര്യം അറിയിച്ചത് (AI Technology For Borewell Management).
തിങ്കളാഴ്‌ച (25-03-2024) നഗരത്തിലെ ചിന്നപ്പ ഗാർഡനിൽ എഐ, ഐഒടി സാങ്കേതിക വിദ്യയില്‍ കുഴല്‍ക്കിണര്‍ ബന്ധിപ്പിച്ചതിന്‍റെ ട്രയൽ റൺ അധികൃതര്‍ വിലയിരുത്തി. "നഗരത്തിൽ 14,000 ലധികം കുഴൽക്കിണറുകൾ ഉണ്ട്. ഇവയിൽ പലതും ശരിയായ അറ്റകുറ്റപ്പണികൾ ഇല്ലാതിരിക്കുകയാണ്. ശരിയായ പരിപാലനത്തിന്‍റെ അഭാവവും പ്രകടമാണ്. പലതും വറ്റിക്കിടക്കുകയുമാണ്. ഈ സാഹചര്യത്തില്‍ ഇവയുടെ പരിപാലനത്തിനും ജല ഉപയോഗത്തിന്‍റെ കൃത്യമായ ക്രമീകരണത്തിനുമാണ് എഐ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതെന്ന് രാം പ്രസാദ് മനോഹർ സൂചിപ്പിച്ചു.
ബോർവെല്ലുകൾ സാങ്കേതിക പ്രശ്‌നങ്ങളിൽ അകപ്പെടുന്നത് തടയാന്‍ എഐ സാങ്കേതിക വിദ്യ സഹായിക്കുമെന്ന് അധികൃതര്‍ പറയുന്നു. "പുതിയ സാങ്കേതിക വിദ്യ അവലംബിക്കുന്നതിലൂടെ, കാര്യക്ഷമമായും ശാസ്‌ത്രീയമായും കുഴൽക്കിണറുകൾ കൈകാര്യം ചെയ്യപ്പെടും. അവയുടെ അനാവശ്യ ഉപയോഗം ഒഴിവാക്കാന്‍ സാധിക്കും. വെള്ളം കുറവുള്ള സമയങ്ങളിൽ കുഴൽക്കിണറുകളുടെ ഉപയോഗം ഒഴിവാക്കിയാൽ അത് ഉപയോഗശൂന്യമാകുന്നത് തടയാനാകും. ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് എഐ പോലുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുന്നത്' - രാം പ്രസാദ് മനോഹർ വ്യക്തമാക്കി.
ALSO READ : 'കുടിക്കാനൊരു തുള്ളി വെള്ളം കിട്ടാനില്ല', വലഞ്ഞ് ബെംഗളൂരു നഗരം
ബോർവെല്ലുകൾ കാര്യക്ഷമമായി ഉപയോഗിക്കപ്പെടണം. കൂടാതെ, അടിക്കടി മോട്ടോർ കത്തുന്നതുള്‍പ്പടെയുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ നിയന്ത്രിക്കാനാകണം. ഈ നടപടികളിലൂടെ പരിപാലന ചെലവ് കുറയ്ക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.