ബെംഗളൂരു: ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയതിന് പിന്നാലെ കേസ് റദ്ദാക്കാന്‍ ഉത്തരവിട്ട് കര്‍ണാടക ഹൈക്കോടതി. ബലാത്സംഗം ചെയ്‌ത ആളെയാണ് പെണ്‍കുട്ടി വിവാഹം കഴിച്ചത്. കുഞ്ഞിന് ജന്മം നല്‍കിയതോടെ യുവാവിനെതിരെയുള്ള ബലാത്സംഗ കേസും പോക്‌സോ കേസും റദ്ദാക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.
ജനിക്കാന്‍ പോകുന്ന കുട്ടിയുടെയും അമ്മയുടെയും ഭാവി കണക്കിലെടുത്താണ് നടപടിയെന്ന് കോടതി വ്യക്തമാക്കി. മൈസൂരുവിലെ വരുണ ഹോബ്ലി സ്വദേശിയെ 23കാരനെ പ്രതിയാക്കിയ പോക്‌സോ കേസാണ് ജസ്റ്റിസ് എം നാഗപ്രസന്നയുടെ ഏകാംഗ ബെഞ്ച് തീർപ്പാക്കിയത്. വിവാഹത്തിന് മുമ്പ്, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹര്‍ജിക്കാരൻ ബലാത്സംഗം ചെയ്‌തതിനാലാണ് കുട്ടി ജനിച്ചതെന്ന് കോടതി നിരീക്ഷിച്ചു.
ജനിച്ച കുഞ്ഞിന് ഇതൊന്നും അറിയില്ലെന്നും കേസ് തീർപ്പാക്കി ഹര്‍ജിക്കാരനെ വിട്ടയച്ചില്ലെങ്കിൽ കുട്ടിയുടെയും അമ്മയുടെയും ജീവിതം പ്രതിസന്ധിയിലാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. 23കാരനെ ജയിലിൽ നിന്ന് മോചിപ്പിക്കാനാവശ്യമായ നടപടികൾ രജിസ്ട്രാർ സ്വീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. അതേസമയം, കുട്ടിയേയും അമ്മയേയും വീണ്ടും പ്രതിസന്ധിയിലേക്ക് തള്ളിവിട്ടാൽ പ്രതിക്കെതിരെയുള്ള കേസ് വീണ്ടും തുറക്കുമെന്ന് ബെഞ്ച് മുന്നറിയിപ്പ് നല്‍കി.
സംഭവമിങ്ങനെ: ഹര്‍ജിക്കാരനായ യുവാവും ഇരായ പെണ്‍കുട്ടിയും ഒരേ സ്‌കൂളിലെ വിദ്യാർഥികളായിരുന്നു. 2023 ഫെബ്രുവരി 15 ന്, പെൺകുട്ടിയെ വിജനമായ പ്രദേശത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്‌തതായി പെണ്‍കുട്ടിയുടെ അമ്മയാണ് മൈസൂരിലെ ഉദയഗിരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു.
ഇരയെ വിവാഹം കഴിക്കാൻ സന്നദ്ധത അറിയിച്ച പ്രതിക്ക് കോടതി നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. വിവാഹം കഴിഞ്ഞ് ഹർജിക്കാരൻ വീണ്ടും ജയിലിലേക്ക് മടങ്ങുകയായിരുന്നു. നിയമ നടപടികൾ ഇപ്പോൾ റദ്ദാക്കിയില്ലെങ്കിൽ, കുട്ടിയുടെയും അമ്മയുടെയും ജീവൻ അപകടത്തിലാകുമെന്നും സമൂഹത്തിൽ അവര്‍ക്ക് അപകീർത്തി നേരിടേണ്ടി വരുമെന്നും കോടതി പറഞ്ഞു. സമൂഹത്തില്‍ അപകീർത്തിപ്പെടാതിരിക്കാനാണ് കേസ് റദ്ദാക്കുന്നതെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.
Also Read: കൊണ്ടോട്ടിയിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത് ഗർഭിണിയാക്കി; ബന്ധുവിന് 120 വർഷം തടവ്