ബെംഗളൂരു: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കാണുന്നത് ഐടി നിയമപ്രകാരം കുറ്റകരമല്ലെന്ന വിവാദ ഉത്തരവ് പിന്‍വലിച്ച് കര്‍ണാടക ഹൈക്കോടതി. കേസിലെ പ്രതിയുടെ പേരിലുള്ള കുറ്റകൃത്യത്തില്‍ അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു. ഈ മാസം പത്തിനാണ് വിവാദ ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചത്. കുട്ടികളുടെ അശ്ലീല ദൃശങ്ങള്‍ ഇന്‍റര്‍നെറ്റില്‍ കാണുന്നത് വിവര സാങ്കേതിക നിയമത്തിലെ 673ാം വകുപ്പ് പ്രകാരമുള്ള കുറ്റമല്ലെന്നായിരുന്നു കോടതി ഉത്തരവ്.
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റില്‍ കണ്ടെന്ന കുറ്റത്തിന് തനിക്കെതിരെ ചുമത്തിയിട്ടുള്ള കേസ് റദ്ദാക്കണമെന്ന ആവശ്യമുയര്‍ത്തി ഹൊസക്കോട്ടയില്‍ നിന്നുള്ള എന്‍ ഇന്യത്തുള്ള സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ വിവാദ ഉത്തരവ്. തുടര്‍ന്ന് ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ രംഗത്തെത്തി. സര്‍ക്കാരിന്‍റെ പരാതി കേട്ട ജസ്റ്റിസ് എം നാഗപ്രസന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ജൂലൈ 10ലെ വിധിയില്‍ പിഴവുണ്ടെന്ന് നിരീക്ഷിച്ചു.
വിവര സാങ്കേതിക നിയമത്തിലെ 673(ബി) വകുപ്പ് പ്രകാരം കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ തയാറാക്കുന്നതും അവ ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നതും മാത്രമാണ് കുറ്റകരം എന്നാണ് കോടതി മുന്‍വിധിയില്‍ പറഞ്ഞിരുന്നത്. പരാതിക്കാരന്‍ ദൃശ്യങ്ങള്‍ നിര്‍മിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇവ ആരുമായും പങ്കിട്ടിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ഇത് കാണുക മാത്രമാണ് ചെയ്‌തത്. അതുകൊണ്ട് തന്നെ ഇത് 673(ബി)യുടെ പരിധിയില്‍ വരുന്നതല്ലെന്നും കോടതി മുന്‍ ഉത്തരവില്‍ പറയുന്നു.
പരാതിക്കാരനെതിരെ 673(ബി)പ്രകാരം കുറ്റം ചുമത്തിയിരുന്നു. ഇന്‍റര്‍നെറ്റില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പരതുക, കാണുക, ഡൗണ്‍ലോഡ് ചെയ്യുക, പങ്കിടുക എന്നിവ ഈ സെക്ഷനില്‍ ഉള്‍പ്പെടുന്നു. അതുകൊണ്ട് തന്നെ പരാതിക്കാരനെതിരായ കേസ് പിന്‍വലിക്കാനാകില്ല. അതുകൊണ്ട് പഴയ ഉത്തരവ് പിന്‍വലിക്കുകയാണെന്നും കോടതി വ്യക്തമാക്കി.
ജഡ്‌ജിമാരും മനുഷ്യരാണ്: ജഡ്‌ജിമാരും മനുഷ്യരാണ്. ഞങ്ങള്‍ക്കും തെറ്റ് പറ്റാം. ഞങ്ങള്‍ക്കുണ്ടായ തെറ്റ് മനസിലാക്കുന്നുവെന്നും നാഗരത്‌ന അധ്യക്ഷയായ ബെഞ്ച് പറഞ്ഞു.
കേസിന്‍റെ പശ്ചാത്തലം: 2023 മാര്‍ച്ച് 23ന് വൈകിട്ട് 3.30 മുതല്‍ 4.40 വരെയാണ് ഇന്യത്തുള്ള മൊബൈല്‍ ഫോണില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കണ്ടത്. കേന്ദ്ര സര്‍ക്കാരിന്‍റെ കുട്ടികള്‍ക്കും സ്‌ത്രീകള്‍ക്കുമെതിരെയുള്ള ലൈംഗികാതിക്രമം തടയല്‍ പോര്‍ട്ടലില്‍ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ബെംഗളൂരു സൈബര്‍ ക്രൈം സ്റ്റേഷന് കീഴിലുള്ള ബെംഗളൂരു സിറ്റി സിഐഡി യൂണിറ്റിന് റിപ്പോര്‍ട്ട് നല്‍കിയത്.
പിന്നീട് കുറ്റവാളിയെ കണ്ടെത്തുകയായിരുന്നു. സംഭവം നടന്ന് രണ്ട് മാസം പിന്നിട്ടപ്പോഴാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. തുടര്‍ന്ന് തനിക്കെതിരെയുള്ള കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പരാതിക്കാരന്‍ ഇത്തരം ദൃശ്യങ്ങള്‍ കാണുന്നതിന് അടിമയാണെന്നും എന്നാല്‍ ഇവ നിര്‍മിക്കുകയോ പങ്കിടുകയോ ചെയ്‌തിട്ടില്ലെന്ന് ഇയാള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. അതുകൊണ്ട് കേസ് റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യമുയര്‍ത്തി. എന്നാല്‍ പ്രൊസിക്യൂഷന്‍ ഈ വാദത്തെ എതിര്‍ത്തു. പരാതിക്കാരന്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കണ്ടെന്ന കാര്യം സമ്മതിച്ചിട്ടുണ്ട്. ഇത് വിവരാവകാശ നിയമത്തിന്‍റെ ലംഘനമാണ്. അതുകൊണ്ട് സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും പ്രൊസിക്യൂഷന്‍ വാദിച്ചു. പരാതിക്കാരന്‍റെ ഹര്‍ജി തള്ളണമെന്നും പ്രൊസിക്യൂഷന്‍ ആവശ്യപ്പെട്ടു.
Also Read: 'കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കാണുന്നത് നിയമപ്രകാരം കുറ്റകരമല്ല': കർണാടക ഹൈക്കോടതി