ബെംഗളൂരു: ഭര്‍ത്താവിന്‍റെ ചെലവുകള്‍ കണക്കിലെടുത്ത് ഭാര്യയ്‌ക്ക് നല്‍കുന്ന ജീവനാംശത്തില്‍ കുറവ് വരുത്താന്‍ സാധിക്കില്ലെന്ന് കര്‍ണാടക ഹൈക്കോടതി. ഭര്‍ത്താവിന്‍റെ പ്രൊവിഡന്‍റ് ഫണ്ട് ഡിഡക്ഷന്‍, വീട്ടുവാടക, ഫര്‍ണീച്ചര്‍ വാങ്ങിക്കല്‍ തുടങ്ങിയ ചെലവുകള്‍ ഭാര്യയ്‌ക്ക് നല്‍കുന്ന ജീവനാംശത്തെ ബാധിക്കാന്‍ പാടില്ലെന്നും കോടതി പറഞ്ഞു. മൈസൂരിലെ എസ്ബിഐ ബാങ്ക് മാനേജർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.
വിഷയത്തില്‍ കുടുംബ കോടതി ഉത്തരവ് ചോദ്യം ചെയ്‌ത ഹര്‍ജിക്കാരന് ഹൈക്കോടതി 15,000 രൂപ പിഴ ചുമത്തുകയും ചെയ്‌തു. വിവാഹമോചനത്തിന് പിന്നാലെ ഭാര്യയ്‌ക്ക് പ്രതിമാസം 15,000 രൂപയും മക്കള്‍ക്ക് 10,000 രൂപയും നല്‍കണമെന്ന കുടുംബ കോടതി വിധി ചോദ്യം ചെയ്‌താണ് ബാങ്ക് മാനേജര്‍ ഹര്‍ജി നല്‍കിയത്. സാമ്പത്തിക ചെലവുകള്‍ അധികമാണെന്നും ജീവനാംശത്തിലെ കുറവ് പരിഗണിക്കണമെന്നും മാനേജര്‍ ഹര്‍ജിയില്‍ പറഞ്ഞു.
ഹര്‍ജി പരിഗണിച്ച കോടതി ജീവനാംശത്തില്‍ കുറവ് വരുത്താന്‍ സാധിക്കില്ലെന്ന് മറുപടി നല്‍കി. ജസ്റ്റിസ് ഹഞ്ചാട്ടെ സഞ്ജീവ് കുമാർ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ഹര്‍ജിക്കാരന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ബ്രാഞ്ച് മാനേജറാണെന്നും പ്രതിമാസം ഒരു ലക്ഷത്തിലധികം വരുമാനം വാങ്ങിക്കുന്നയാളാണെന്നും കോടതി നിരീക്ഷിച്ചു.
അതുകൊണ്ട് ജീവനാംശത്തില്‍ കുറവ് വരുത്തേണ്ട കാര്യമില്ലെന്നും കോടതി വ്യക്തമാക്കി. കേസില്‍ കുടുംബ കോടതിയുടെ ഉത്തരവില്‍ പിഴവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഹര്‍ജി തള്ളുകയും ചെയ്‌തു.