ബെംഗളൂരു: സ്വകാര്യ മേഖലയില്‍ കന്നഡക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ നടപടിയില്‍ നിന്ന് പിന്തിരിഞ്ഞ് കര്‍ണാടക സര്‍ക്കാര്‍. ഇന്ന് (ജൂലൈ 16) രാവിലെ മന്ത്രിസഭ അംഗീകരിച്ച ബില്‍ മരവിപ്പിച്ചു. സാങ്കേതിക മേഖലയടക്കമുള്ളവയില്‍ നിന്ന് ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് നടപടി.
കൂടിയാലോചനകള്‍ക്ക് ശേഷമെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകൂവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. നേരത്തെ സംവരണം സംബന്ധിച്ച ആദ്യ ട്വീറ്റ് മുഖ്യമന്ത്രി സിദ്ധരാമയ്യ നീക്കം ചെയ്‌ത് പുതിയ ട്വീറ്റ് പോസ്റ്റ് ചെയ്‌തിരുന്നു. ഇതില്‍ സംവരണം സംബന്ധിച്ച കാര്യങ്ങളില്‍ അദ്ദേഹം കൂടുതല്‍ വ്യക്തത വരുത്തിയിരുന്നു.
Honble CM has taken due cognizance. Bill is withheld until further consultations and due diligence.
— M B Patil (@MBPatil) July 17, 2024
Industry leaders needn’t panic as assured.
The government is committed to further creation of jobs, and furthermore for Kannadigas, however in a more amicable manner. https://t.co/KEugiR4gM5
ബിൽ വ്യാഴാഴ്‌ച (ജൂലൈ 17) നിയമസഭയിൽ അവതരിപ്പിക്കുമെന്നാണ് നിയമ വകുപ്പ് വൃത്തങ്ങൾ അറിയിച്ചിരുന്നത്. വ്യവസായമോ ഫാക്‌ടറിയോ മറ്റ് സ്ഥാപനങ്ങളോ മാനേജ്‌മെന്‍റ് വിഭാഗങ്ങളില്‍ 50 ശതമാനം നാട്ടുകാരെയും നോൺ-മാനേജ്‌മെന്‍റ് വിഭാഗങ്ങളില്‍ 70 ശതമാനം നാട്ടുകാരെയും നിയമിക്കണമെന്ന് ബില്ലില്‍ പറയുന്നതായി വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്‌തു.
ഉദ്യോഗാർഥികൾ കന്നഡ ഒരു ഭാഷയായി തെരഞ്ഞെടുത്ത സെക്കൻഡറി സ്‌കൂൾ സർട്ടിഫിക്കറ്റോ നോഡൽ ഏജൻസി വ്യക്തമാക്കിയിട്ടുള്ള കന്നഡ പ്രാവീണ്യ പരീക്ഷ വിജയിക്കുകയോ ചെയ്‌തിരിക്കണമെന്ന് ബില്ലില്‍ വ്യവസ്ഥ ചെയ്‌തിരുന്നു. യോഗ്യതയുള്ള പ്രാദേശിക ഉദ്യോഗാർഥികളെ ലഭിച്ചില്ലെങ്കിൽ സർക്കാരോ ബന്ധപ്പെട്ട ഏജൻസികളോ മൂന്ന് വർഷത്തിനുള്ളിൽ നാട്ടുകാര്‍ക്ക് പരിശീലനം നല്‍കണമെന്നും ബില്ലില്‍ പറയുന്നു.
മതിയായ പ്രാദേശിക ഉദ്യോഗാർഥികളെ ലഭിച്ചില്ലെങ്കിൽ നിയമത്തിലെ വ്യവസ്ഥകളിൽ നിന്ന് ഇളവ് ലഭിക്കുന്നതിന് സർക്കാരിനോട് അപേക്ഷിക്കാവുന്നതാണെന്ന വ്യവസ്ഥയും ബില്ലില്‍ ഉള്‍പ്പെടുത്തിയിരുന്നു. നിയമത്തിലെ വ്യവസ്ഥകൾ പാലിക്കുന്നതിനായി അസിസ്റ്റന്‍റ് ലേബർ കമ്മിഷണർ റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ അംഗീകൃത ഓഫിസറായി സർക്കാർ നിയമിക്കും. വ്യവസ്ഥകൾ ലംഘിക്കുന്ന സ്ഥാപനത്തില്‍ നിന്ന് 10,000 രൂപ മുതൽ 25,000 രൂപ വരെ പിഴ ഈടാക്കാമെന്നും ബില്ലില്‍ പറയുന്നു. പിഴ ചുമത്തിയിട്ടും ലംഘനം തുടരുകയാണെങ്കിൽ ഓരോ ദിവസവും നൂറ് രൂപ വരെ പിഴ നീട്ടിയേക്കാവുന്ന ശിക്ഷ നല്‍കണമെന്നും ബില്‍ നിര്‍ദേശിക്കുന്നു.
'ഞങ്ങൾ കന്നഡ അനുകൂലികളാണ്. കന്നഡികരുടെ ക്ഷേമം സംരക്ഷിക്കുന്നതിനാണ് സർക്കാർ മുൻഗണന നല്‍കുന്നത്.' എന്നായിരുന്നു കന്നഡക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ട്വീറ്റില്‍ -സിദ്ധരാമയ്യ കുറിച്ചത്. അതേസമയം കിരണ്‍ മജുംദാര്‍, മോഹന്‍ദാസ് പൈ തുടങ്ങിയ പ്രമുഖ വ്യവസായികള്‍ സര്‍ക്കാര്‍ തീരുമാനത്തെ ഫാസിസമെന്ന് വിശേഷിപ്പിച്ച് രംഗത്തെത്തി.
Also Read: കന്നഡക്കാര്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളില്‍ സംവരണം; പഴയ ട്വീറ്റ് നീക്കി പുതിയതുമായി മുഖ്യമന്ത്രി