മൈസുരു (കര്‍ണാടക) : ചെറു സംഘങ്ങളുടെ സുല്‍ത്താന്‍ എന്ന് കോണ്‍ഗ്രസിനെ അധിക്ഷേപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ കോടിക്കണക്കിന് കള്ളപ്പണം കര്‍ണാടകയില്‍ നിന്ന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ഒഴുകുന്നുവെന്നും മോദി ആരോപിച്ചു.
കൊള്ളക്കാര്‍ മൂലം രാജ്യത്തെ ഖജനാവ് ശൂന്യമായിരിക്കുന്നു. വികസനവും ക്ഷേമപദ്ധതികളും നിലച്ചു. കോണ്‍ഗ്രസിനെ തെരഞ്ഞെടുപ്പില്‍ സഹായിക്കാനായി കര്‍ണാടകയില്‍ നിന്ന് രാജ്യമെമ്പാടും കോടിക്കണക്കിന് രൂപ ഒഴുകുന്നുവെന്നും മോദി കുറ്റപ്പെടുത്തി. ഇതാണ് കോണ്‍ഗ്രസിന്‍റെ മാതൃക ഭരണം.
മഹാരാജാസ് കോളജ് മൈതാനത്ത് കൂറ്റന്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. മൈസൂരു, ചാമരാജ്‌നഗര്‍, മാണ്ഡ്യ, ഹസന്‍ ലോക്‌സഭ മണ്ഡലങ്ങളിലെ ബിജെപി-ജെഡിഎസ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ഒരുക്കിയ പൊതുസമ്മേളനത്തിലായിരുന്നു കോണ്‍ഗ്രസിനെതിരെ മോദി ആഞ്ഞടിച്ചത്.
രാജ്യത്തെ സേവിക്കാനായി സ്വന്തം മക്കളെ സൈന്യത്തില്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന അമ്മമാരുടെ മണ്ണാണിത്. എന്നാല്‍ ഇതിനൊരു മറുപുറമുണ്ട്. ഇവിടെ കോണ്‍ഗ്രസ് എന്നൊരു കക്ഷിയുണ്ട്. ചെറിയ ചെറിയ കക്ഷികളുടെ സുല്‍ത്താനാകാന്‍ നടക്കുകയാണ് അവര്‍. ഇവരുടെ അപകടകരമായ താത്‌പര്യം രാജ്യത്തെ ഭിന്നിപ്പിക്കുക, തകര്‍ക്കുക, ദുര്‍ബലപ്പെടുത്തുക എന്നിവയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് രക്ഷാധികാരിയുമായ എച്ച് ഡി ദേവഗൗഡയും പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടു. കഴിഞ്ഞ സെപ്റ്റംബറില്‍ ജെഡിഎസ് എന്‍ഡിഎയ്ക്കൊപ്പം ചേര്‍ന്നത്. കര്‍ണാടകയിലെ 28 സീറ്റുകളില്‍ 25 എണ്ണത്തില്‍ ബിജെപി ജനവിധി തേടുന്നു. ജെഡിഎസ് മൂന്നിലും. കര്‍ണാടകയില്‍ എന്‍ഡിഎയ്ക്ക് എച്ച് ഡി ദേവഗൗഡ, ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ, എച്ച് ഡി കുമാരസ്വാമി തുടങ്ങിയവരെ പോലുള്ള മുതിര്‍ന്ന നേതാക്കള്‍ മാര്‍ഗനിര്‍ദേശം നല്‍കാനുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് രാജ്യത്തെ വെറുപ്പിക്കാനുള്ള എല്ലാ സീമകളും ലംഘിച്ചിരിക്കുന്നുവെന്നും മോദി ആരോപിച്ചു.
കോണ്‍ഗ്രസിന് ഒരവസരം നല്‍കിയതിലൂടെ ഇവര്‍ ഇന്ത്യയ്‌ക്കെതിരെ സംസാരിക്കുന്നതിന് സാക്ഷിയാകേണ്ടി വന്നിരിക്കുകയാണ് കര്‍ണാടകയിലെ ജനങ്ങള്‍. കോണ്‍ഗ്രസിന്‍റെ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ ഒരാള്‍ ഭാരത് മാതാ കീ ജയ് വിളിപ്പിക്കുന്നത് നിങ്ങള്‍ കണ്ടതാണ്. ഇതിന് മുമ്പ് അയാള്‍ വേദിയിലിരുന്നവരുടെ അനുമതി തേടിയിരുന്നുവെന്നും മോദി പറഞ്ഞു.
ആര്‍ക്കെങ്കിലും ഭാരത് മാതാ കീ ജയ് പറയാന്‍ അനുമതി ആവശ്യമുണ്ടോ. രാജ്യമോ, കര്‍ണാടകയോ, മൈസൂരോ ഇത്തരമൊരു കോണ്‍ഗ്രസിനോട് പൊറുക്കുമോയെന്നും അദ്ദേഹം ചോദിച്ചു. ആദ്യം വന്ദേമാതരത്തെ എതിര്‍ത്തു. ഇപ്പോള്‍ ഭാരത് മാതാ കീ ജയ് വിളിക്കാന്‍ വിസമ്മതിക്കുന്നു. ഇതാണ് കോണ്‍ഗ്രസിന്‍റെ വീഴ്‌ചയുടെ ആഘാതം വര്‍ധിപ്പിക്കുന്നത്.
മൈസുരു രാജകുടുംബത്തിലെ ഇളമുറക്കാരന്‍ യദുവീര്‍ കൃഷ്‌ണദത്ത ചാമരാജ വൈദ്യര്‍ ആണ് ബിജെപിയ്ക്ക് വേണ്ടി ഇവിടെ നിന്ന് ലോക്‌സഭയിലേക്ക് ജനവിധി തേടുന്നത്. ദേവഗൗഡയുടെ മകനും മുന്‍ മുഖ്യമന്ത്രിയുമായ കുമാരസ്വാമിയാണ് മാണ്ഡ്യയില്‍ നിന്ന് മത്സരിക്കുന്നത്.
കര്‍ണാടക ബിജെപിയെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ള സംസ്ഥാനമാണ്. ദക്ഷിണേന്ത്യയില്‍ അധികാരത്തിലെത്താന്‍ ബിജെപിക്ക് കഴിഞ്ഞ ഏക സംസ്ഥാനമാണ് കര്‍ണാടകം. 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ ഇവിടെ നിന്ന് 25 സീറ്റുകള്‍ നേടാനും ബിജെപിക്ക് സാധിച്ചിരുന്നു. പാര്‍ട്ടി പിന്തുണച്ച ഒരു സ്വതന്ത്രനും ഇവിടെ നിന്ന് വിജയിച്ചു.
കോണ്‍ഗ്രസ് സനാതന ധര്‍മ്മത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്നും മോദി കുറ്റപ്പെടുത്തി. ഹിന്ദു ധര്‍മ്മശക്തിയെയും നശിപ്പിക്കാന്‍ നോക്കുന്നു. എന്നാല്‍ മോദിയുള്ളിടത്തോളം ഈ ശക്തികള്‍ വിജയിക്കില്ല. ഇത് മോദിയുടെ ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: രാജ്യത്തെ പ്രമുഖ ഗെയിമര്‍മാരുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി
കര്‍ണാടകയില്‍ രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. ദക്ഷിണ മേഖലയിലെ പതിനാല് മണ്ഡലങ്ങളില്‍ ഈ മാസം 26ന് വോട്ടെടുപ്പ് നടക്കും. മെയ് ഏഴിനാണ് രണ്ടാം ഘട്ടം.