ബെംഗളൂരു (കർണാടക) : അപ്പർ ഭദ്ര പദ്ധതിയുടെ ഗ്രാന്‍റ് സംബന്ധിച്ച് നിർദ്ദിഷ്‌ട മാതൃകയിൽ മെമ്മോറാണ്ടം സമർപ്പിക്കാതെ കർണാടകയിലെ ജനങ്ങളെ സംസ്ഥാന സര്‍ക്കാർ വിഡ്ഢികളാക്കുകയാണ് (Submission Of Memorandum In Correct Form Will Bring Funds) എന്ന് മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണ് കർണാടക സർക്കാർ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തുന്നതെന്നും ബസവരാജ് ബൊമ്മൈ (Karnataka Former C M Basavaraj Bommai) ആരോപിച്ചു.
ചൊവ്വാഴ്‌ച (20-02-2024) നിയമസഭയിൽ നടന്ന ഗവർണറുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ നൽകിയ മറുപടിയിൽ ശക്തമായ എതിർപ്പുമായി ബസവരാജ് ബൊമ്മൈ രംഗത്ത് വന്നു. ബജറ്റിനെ പുകഴ്ത്തിയുള്ള പത്രങ്ങളിലെ എഡിറ്റോറിയലുകൾ കണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ പകച്ചുനിൽക്കുന്നതായി തോന്നുന്നുവെന്ന് ബൊമ്മൈ പറഞ്ഞു. മാത്രമല്ല, നിങ്ങൾ സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയാണ്, മുമ്പ് പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ പത്രത്തിന്‍റെ എഡിറ്റോറിയലുകളുടെ സഹായം സ്വീകരിക്കുന്നത് നിങ്ങൾ എത്രത്തോളം നിസഹായരായിത്തീർന്നുവെന്ന് കാണിക്കും എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കർണാടകയിൽ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ 15-ാം ധനകാര്യ കമ്മിഷൻ ശുപാർശ ചെയ്‌ത 5495 കോടി രൂപയും പെരിഫറൽ റിംഗ് റോഡ് പ്രവൃത്തിക്ക് 6300 കോടി രൂപയും അനുവദിച്ചില്ലെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിലും ബിജെപി നേതാവ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
സിദ്ധരാമയ്യ തന്‍റെ വാദത്തിനനുസരിച്ച് വസ്‌തുതകളെ വളച്ചൊടിച്ചെന്നും, പതിനഞ്ചാം ധനകാര്യ കമ്മിഷന്‍റെ ഇടക്കാല റിപ്പോർട്ടിൽ 5495 കോടി രൂപ ശുപാർശ ചെയ്‌തിരുന്നുവെങ്കിലും അന്തിമ റിപ്പോർട്ടിൽ അതുണ്ടായിരുന്നില്ല എന്നത് ശരിയാണെന്നും ബസവരാജ് ബൊമ്മൈ വ്യക്തമാക്കി.
6000 കോടി രൂപയുടെ പെരിഫറൽ റിംഗ് റോഡ് പദ്ധതിയുമായി ബന്ധപ്പെട്ട് പണം ഉണ്ട്, എന്നാൽ സംസ്ഥാന സർക്കാർ ഇതുവരെ പദ്ധതി ആരംഭിച്ചിട്ടില്ല. ഭൂമി ഏറ്റെടുക്കൽ പോലും മുടങ്ങിക്കിടക്കുകയാണ്. പദ്ധതി ആരംഭിക്കുന്ന മുറയ്ക്ക് ഫണ്ട് അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രത്തിൽ നിന്ന് ഫണ്ട് തേടുന്നത് ശരിയായ ഫോർമാറ്റിൽ ആയിരിക്കണമെന്ന് ബൊമ്മൈ പറഞ്ഞു. അപ്പർ ഭദ്ര പദ്ധതിക്ക് ദേശീയ പദ്ധതി പദവി ലഭിക്കുകയും ആവശ്യമായ അനുമതി മുൻ ബിജെപി സർക്കാർ നൽകുകയും ചെയ്‌തിരുന്നു. ഇപ്പോൾ കേന്ദ്രത്തിൽ നിന്ന് പണം വരുമെങ്കിലും അത് കൊണ്ടുവരാൻ അവർ പോകണം. നടപടിക്രമങ്ങൾ പാലിക്കാതെ പണം വന്നിട്ടില്ലെന്ന് ആക്ഷേപിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്പർ ഭദ്ര പദ്ധതി പുതിയതായിരുന്നതിനാൽ എൻ ഫോമിൽ സർക്കാർ നിർദേശം സമർപ്പിക്കണം. നിർഭാഗ്യവശാൽ, കേന്ദ്ര സർക്കാരിൽ നിന്ന് എങ്ങനെ ഫണ്ട് തേടണമെന്ന് കോൺഗ്രസ് നേതാക്കൾക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ അവസരത്തിൽ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ അഭ്യര്‍ഥിച്ചാല്‍ ഫോം എങ്ങനെ പൂരിപ്പിക്കാമെന്ന് പരിശീലനം നൽകാമെന്നും, അവർ നിർദേശം ശരിയായ ഫോർമാറ്റിൽ സമർപ്പിച്ചാൽ സംസ്ഥാനത്തിന്‍റെ താത്‌പര്യം കണക്കിലെടുത്ത് താൻ അവരെ അനുഗമിക്കുമെന്നും ബസവരാജ് ബൊമ്മൈ പറഞ്ഞു.