ബെംഗളൂരു : കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനും ആദായ നികുതി വകുപ്പിന്‍റെ നോട്ടിസ്. ഇന്നലെ(29-03-2024) രാത്രിയോടെയാണ് ഡികെ ശിവകുമാറിന് ആദായ നികുതി വകുപ്പിന്‍റെ നോട്ടിസ് ലഭിച്ചത്. നികുതി തിരിച്ചടവിലെ പിഴവുകള്‍ ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി 1700 കോടി രൂപ അടയ്‌ക്കണമെന്ന് കാണിച്ച് ആദായ നികുതി വകുപ്പ് പുതിയ നോട്ടിസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡികെ ശിവകുമാറിനും നോട്ടിസ് അയച്ചിരിക്കുന്നത്.
'ഇന്നലെ രാത്രി എനിക്കും ഇന്‍കം ടാക്‌സ് നോട്ടിസ് ലഭിച്ചു. നേരത്തെ കോടതിയില്‍ തീർപ്പാക്കിയ കേസിലാണ് നോട്ടിസ് അയച്ചിരിക്കുന്നത്. നോട്ടസ് ലഭിച്ചപ്പോള്‍ ഞാൻ ഞെട്ടിപ്പോയി. ബിജെപി നേതാക്കളുമായി ബന്ധപ്പെട്ട കേസുകളും സിബിഐ അന്വേഷിക്കുന്നുണ്ട്. എന്നാൽ അവരെയാരെയും ചോദ്യം ചെയ്യാൻ വിളിച്ചിട്ടില്ല. കോൺഗ്രസ് നേതാക്കളെ മാത്രമാണ് ലക്ഷ്യമിടുന്നത്'- ഡികെ ശിവകുമാർ പറഞ്ഞു.
1800 കോടിയുടെ നികുതി വിഷയത്തിൽ കോൺഗ്രസിന് നോട്ടിസ് നൽകിയിട്ടുണ്ട്. ഈ രാജ്യത്തെ ജനാധിപത്യവും നിയമവും ലേലം ചെയ്യുകയാണ്. ബിജെപി സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയാണ്. അധികാരം വരികയും പോവുകയും ചെയ്യും. ഒന്നും ശാശ്വതമല്ലെന്നും ശിവകുമാർ ബെംഗളൂരുവിൽ മാധ്യമങ്ങളോട് പറഞ്ഞു. എന്തിനാണ് പ്രതിപക്ഷ പാർട്ടികളെയും ഇന്ത്യ സഖ്യത്തെയും ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചോദിച്ചു. എൻഡിഎ സഖ്യം തോൽവി ഭയന്ന് നിരാശയിലാഴ്‌ന്നിരിക്കുകയാണെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു.
പ്രതിപക്ഷ പാർട്ടികളെ തോൽപ്പിച്ച് വീണ്ടും അധികാരത്തിൽ വരാമെന്ന കണക്കുകൂട്ടലില്‍ ബിജെപി അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് കര്‍ണാടക ആഭ്യന്തരമന്ത്രി ഡോ ജി പരമേശ്വര്‍ പറഞ്ഞു. 'ജനാധിപത്യ വ്യവസ്ഥിതിയിൽ അന്വേഷണ ഏജൻസികളുടെ പ്രവർത്തനം തുടർച്ചയായി നടക്കുന്ന ഒരു പ്രക്രിയ ആണ്. പക്ഷേ നിങ്ങൾ എന്തിനാണ് ഇത്രയും കാലം മിണ്ടാതിരുന്ന്, തെരഞ്ഞെടുപ്പ് സമയത്ത് മാത്രം താത്പര്യം കാണിക്കുന്നത്? ഇപ്പോൾ നികുതി അടയ്ക്കാൻ ആദായ നികുതി വകുപ്പ് നോട്ടിസ് നൽകിയതിന്‍റെ അർഥമെന്താണ്? എന്തിന് വേണ്ടിയാണ് കോൺഗ്രസ് പാർട്ടിയുടെ ബാങ്ക് അക്കൗണ്ട് പിടിച്ചെടുത്തത്?'- അദ്ദേഹം ചോദിച്ചു.