ബംഗളൂരു: കർണാടകയിലെ കോൺഗ്രസ് എംഎൽഎ രാജ വെങ്കിട്ടപ്പ നായിക് അന്തരിച്ചു (Karnataka Congress MLA Raja Venkatappa Naik Passed Away). ഹൃദയാഘാതത്തെ തുടർന്ന് ഉച്ചയ്ക്ക് 1.50 തോടെയാണ് അന്ത്യം. വിവിധ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ബംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം.
നിലവിൽ കർണാടകയിലെ ഷൊരാപൂർ എംഎൽഎയായ നായിക് നാലു തവണ നിയമസഭയിൽ എത്തിയിരുന്നു. അടുത്തിടെയാണ് അദ്ദേഹത്തെ കർണാടക സ്റ്റേറ്റ് വെയർഹൗസിംഗ് കോർപ്പറേഷൻ ചെയർമാനായി നിയമിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യ ആശുപത്രിയിലെത്തി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.
"തൻ്റെ ദീർഘകാല രാഷ്ട്രീയ സഹയാത്രികന്‍റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു. മൂന്നു ദിവസം മുൻപ് നായികിന്‍റെ ആരോഗ്യ വിവരങ്ങൾ നേരിട്ടെത്തി അന്വേഷിച്ചിരുന്നു. ജനങ്ങൾക്കിടയിലെ ജനപ്രിയ വ്യക്തിത്വത്തിന് ഉടമയായ രാജ വെങ്കടപ്പ നായിക്കിൻ്റെ നിര്യാണം വ്യക്തിപരമായും സംസ്ഥാന രാഷ്ട്രീയത്തിനും നികത്താനാവാത്ത നഷ്‌ടമാണ്"- സിദ്ധരാമയ്യ പറഞ്ഞു