ബെംഗളൂരു (കർണാടക) : രാജ്യസഭാംഗം സയ്യിദ് നസീർ ഹുസൈന്‍റെ അനുയായികൾ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയർത്തിയതായി ആരോപിച്ച് കർണാടകയിലെ ഭാരതീയ ജനത പാർട്ടി (ബിജെപി) യൂണിറ്റ് വിധാന്‍ സൗധ പൊലീസ് സ്‌റ്റേഷനിൽ എഫ്ഐആർ ഫയൽ ചെയ്‌തു. റിട്ടേണിങ് ഓഫിസർ സയ്യിദ് നസീർ ഹുസൈനെ രാജ്യസഭയിലേക്ക് വിജയിച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെ മറ്റ് രണ്ട് കോൺഗ്രസുകാരായ അജയ് മാക്കൻ, ജിസി ചന്ദ്രശേഖർ എന്നിവർക്കൊപ്പം ഇന്നലെ (27-02-2024) വൈകുന്നേരം 7 മണിയോടെ സയ്യിദ് നസീർ ഹുസൈന്‍റെ ചില അനുയായികൾ വിധാന്‍ സൗധയിൽ തടിച്ചുകൂടിയിരുന്നു. നസീർ ഹുസൈന്‍റെ സാന്നിധ്യത്തില്‍, അദ്ദേഹത്തിന്‍റെ വിജയത്തില്‍ ആഹ്ലാദിക്കുന്നതിനിടയിൽ അനുയായികൾ പെട്ടെന്ന് 'പാകിസ്ഥാൻ സിന്ദാബാദ്' മുദ്രാവാക്യം ഉച്ചത്തിൽ വിളിച്ചു എന്നാണ് കർണാടക ബിജെപിയുടെ പരാതിയില്‍ പറയുന്നത്.
2024 ഫെബ്രുവരി 27 ന് നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിന് ശേഷം, തെരഞ്ഞെടുപ്പിലെ എട്ട് മത്സരാർഥികളിൽ ഒരാളായ സയ്യിദ് നസീർ ഹുസൈനും അദ്ദേഹത്തിന്‍റെ നിരവധി അനുയായികളും വൈകുന്നേരം വിധാന സൗധയിലെ വോട്ടെണ്ണൽ ഏരിയയ്ക്ക് സമീപം തടിച്ചുകൂടിയിരുന്നു. സയ്യിദ് നസീർ ഹുസൈൻ യഥാവിധി തെരഞ്ഞെടുക്കപ്പെട്ടതായി രാജ്യസഭയുടെ റിട്ടേണിങ് ഓഫിസർ വൈകിട്ട് 7 മണിയോടെ പ്രഖ്യാപിച്ചതായും പരാതിയിൽ പറയുന്നു.
സയ്യിദ് നസീർ ഹുസൈന് വേണ്ടി ആഹ്ലാദപ്രകടനം നടത്തുന്നതിനിടയിൽ അനുയായികൾ പെട്ടെന്ന് ഉച്ചത്തിൽ "പാകിസ്ഥാൻ സിന്ദാബാദ്" എന്ന മുദ്രാവാക്യം വിളിച്ചു. സയ്യിദ് നസീർ ഹുസൈനെ ഇന്ത്യയിലെ രാജ്യസഭയിലേക്കോ ഉപരിസഭയിലേക്കോ തെരഞ്ഞെടുത്തതിൽ പാകിസ്ഥാനെ അഭിനന്ദിക്കുകയും പുകഴ്ത്തുകയും ചെയ്യുന്ന പോലെയാണ് ഈ മുദ്രാവാക്യം അദ്ദേഹത്തിന്‍റെ അനുയായികൾ വിളിച്ചതെന്നും പരാതിയില്‍ പറയുന്നുണ്ട്.
ഇന്ത്യയിലെ ഒരു സംസ്ഥാനമായ കർണാടകയിലെ നിയമസഭ മന്ദിര പരിസരത്ത് വച്ചാണ് ആഘോഷപൂർവം പാകിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കിയത്. ഇന്ത്യൻ പാർലമെന്‍റിലേക്കാണോ പാകിസ്ഥാൻ പാർലമെന്‍റിലേക്കാണോ താൻ തെരഞ്ഞെടുക്കപ്പെട്ടതെന്ന് അറിയാത്ത നസീർ ഹുസൈന്‍റെ പ്രേരണയാലാണ് ഇതെല്ലാം ചെയ്യുന്നത്, എന്നും പരാതിയിൽ കൂട്ടിച്ചേർത്തു.
കർണാടകയിലെ ലെജിസ്ലേറ്റീവ് സെക്രട്ടേറിയറ്റിനുള്ളിലും ഇന്ത്യയിലെ ഒരു സംസ്ഥാനത്തിന്‍റെ അസംബ്ലി പരിസരത്തും നടന്ന സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും പരാതിയിൽ പറയുന്നുണ്ട്. സയ്യിദ് നസീർ ഹുസൈന്‍റെ സാന്നിധ്യത്തിൽ ഈ മുദ്രാവാക്യം വിളിച്ച കോൺഗ്രസ് പ്രവർത്തകരും ഇത് പാകിസ്ഥാൻ പാർലമെന്‍റിലേക്കുള്ള തെരഞ്ഞെടുപ്പാണെന്ന് കരുതുന്നതായും ഇന്ത്യയുടെ ശത്രു രാജ്യമായ പാകിസ്ഥാനോടുള്ള കൂറ് തുറന്ന് പറഞ്ഞതായാണ് കണക്കാക്കുന്നതെന്നും പരാതിയിൽ പറയുന്നു. ഇപ്പോഴത്തെ കോൺഗ്രസ് സർക്കാരിന് കീഴിൽ, ഇന്ത്യക്കാർക്കും ഇന്ത്യയ്ക്കും സുരക്ഷിതത്വവും സംരക്ഷണവും ഇല്ലെന്ന് ഇത് കാണിക്കുന്നുവെന്ന് പരാതിയിൽ പറയുന്നു.
പാകിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ വിളിച്ച സംഭവത്തില്‍ പ്രതിപക്ഷ നേതാവ് ആർ അശോകൻ, ആരാഗ ജ്ഞാനേന്ദ്ര തുടങ്ങിയവർ ഉൾപ്പെടെയുള്ള മുതിർന്ന ബിജെപി നേതാക്കൾ ചൊവ്വാഴ്‌ച വൈകുന്നേരത്തോടെ വിധാന്‍ സൗധ പൊലീസ് സ്‌റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. കോൺഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെ പിരിച്ചുവിടണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെടുകയും സംസ്ഥാന വ്യാപകമായി പ്രചാരണം നടത്തുമെന്നും പറയുകയും ചെയ്‌തു.
ഇതിന് വിശദീകരണവുമായി സയ്യിദ് നസീർ ഹുസൈൻ രംഗത്ത് വന്നു. തങ്ങളുടെ ചില പാർട്ടി അനുഭാവികളും പ്രവർത്തകരും മൂന്ന് സ്ഥാനാർഥികളുടെ വിജയം ആഘോഷിക്കുമ്പോൾ, അവരുടെ നടുവിൽ ഞാനും ഉണ്ടായിരുന്നുവെന്ന് സയ്യിദ് നസീർ ഹുസൈൻ പറഞ്ഞു. 'നസിർ ഹുസൈൻ സിന്ദാബാദ്', 'നസിർ ഖാൻ സിന്ദാബാദ്', 'നസീർ സാഹബ്' എന്നിങ്ങനെ നിരവധി മുദ്രാവാക്യങ്ങൾ അനുയായികൾ വിളിച്ചിരുന്നു. ചില പ്രവർത്തകർ കോൺഗ്രസ് പാർട്ടി സിന്ദാബാദ് എന്ന മുദ്രാവാക്യവും വിളിച്ചിരുന്നു. എന്നാല്‍ ആരും തന്നെ ''പാകിസ്ഥാൻ സിന്ദാബാദ്'' എന്ന മുദ്രാവാക്യം വിളിച്ച് താൻ കേട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.'
മാത്രമല്ല അത്തരത്തിലുള്ള ഒരു മുദ്രാവാക്യം ആരെങ്കിലും ഉയർത്തിയിട്ടുണ്ടെങ്കിൽ, അവർ കർശനമായും നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന് സയ്യിദ് നസീർ ഹുസൈൻ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം വേണം. ആരാണ് അങ്ങനെ മുദ്രാവാക്യം വിളിച്ചതെന്ന് കണ്ടെത്തണം. അതിനാൽ നമുക്ക് അന്വേഷണത്തിനായി കാത്തിരിക്കാമെന്നും, എന്ത് വന്നാലും തങ്ങൾ പൊതുസഞ്ചയത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ : രാജ്യസഭാംഗങ്ങളുടെ തെരഞ്ഞെടുപ്പ്; അറിയാം രാജ്യസഭയെ, വിവേക് അഗ്നിഹോത്രി എഴുതുന്നു