കാലിഫോർണിയ: മെഡിക്കൽ കോളേജ് പ്രവേശനത്തിനുള്ള നീറ്റ് ഫലത്തിലെ ക്രമക്കേടുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ വിമർശിച്ച് രാജ്യസഭാ എംപി കപിൽ സിബൽ. ഈ വിഷയത്തിൽ രാജ്യത്ത് അഴിമതിയുണ്ടെന്ന് പ്രധാനമന്ത്രി അംഗീകരിക്കാണമെന്നും കാലിഫോര്‍ണിയയില്‍ വച്ച് ഒരു വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിനിടെ കപിൽ സിബൽ ആവശ്യപ്പെട്ടു.
"ജൂൺ നാലിന് പ്രഖ്യാപിച്ച നീറ്റ് പരീക്ഷ ഫലം നിരവധി പ്രശ്‌നങ്ങളുണ്ടാക്കി. 1,500 വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് ചേർന്ന് ഉയർന്ന സ്‌കോർ ലഭിച്ചു. ചോദ്യപേപ്പർ ചോർന്നുവെന്ന ആരോപണങ്ങളും ഉണ്ടായി. പരീക്ഷയിലെ ക്രമക്കേടുകളും പൊരുത്തക്കേടുകളും ആരോപിച്ച് വീണ്ടും പരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ സുപ്രീം കോടതിയിലും ഹൈക്കോടതികളിലും നിരവധി ഹർജികൾ സമർപ്പിച്ചു. ഗ്രേസ് മാർക്ക് ലഭിച്ച 1500 - ലധികം വിദ്യാർഥികൾക്ക് വീണ്ടും പരീക്ഷ നടത്താൻ സുപ്രീം കോടതി അനുവദിച്ചു". അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി പാർലമെൻ്റിൽ ജനങ്ങളുടെ മുന്നിൽ വന്ന് തങ്ങൾക്ക് തെറ്റ് പറ്റി, രാജ്യത്ത് അഴിമതി വളരെക്കാലമായി തുടരുകയാണ്. എല്ലാ ഡിപ്പാർട്ടുമെൻ്റുകളിലും ഇത് വ്യാപകമാണെന്ന് പറയണം. സർക്കാർ ഇക്കാര്യം അംഗീകരിക്കാത്തിടത്തോളം ഇതിന് പരിഹാരമുണ്ടാകില്ലെന്നും കപിൽ സിബൽ ചൂണ്ടിക്കാട്ടി. 'നമ്മുടെ മന്ത്രാലയങ്ങളിലെ അഴിമതി തുടച്ചുനീക്കിയെന്ന് പ്രധാനമന്ത്രി പറഞ്ഞത് ഞാൻ ഓർക്കുന്നുണ്ട്. അതിനാൽ ഇത് (നീറ്റ്) അഴിമതിയുടെ കീഴിൽ വരുന്ന കേസല്ല. ഇത് ചരക്കുകളുടെയും സേവനങ്ങളുടെയും കാര്യമാണ്'. സിബൽ പരിഹസിച്ചു.
നീറ്റ് വിഷയത്തിലും മണിപ്പൂർ കലാപത്തിലും പ്രധാനമന്ത്രി പുലര്‍ത്തുന്ന "മൗനത്തെ" അദ്ദേഹം വീണ്ടും പരിഹസിച്ചു. "മോദി മുൻപ് പറഞ്ഞത് ഞാൻ ഓർക്കുന്നു. അഴിമതി നടക്കുന്നത് നിങ്ങൾ കാണുകയാണെങ്കിൽ നിങ്ങൾ പ്രതികരിക്കുമെന്ന്. എന്നാൽ നിങ്ങളെപ്പോഴും മൗനം പാലിക്കുകയാണ് ചെയ്യുന്നത്. മണിപ്പൂരിനെ കുറിച്ചായാലും തീവ്രവാദത്തെ കുറിച്ചായാലും അദ്ദേഹം മൗനം പാലിക്കുകയാണ് ചെയ്യുന്നത്. തീവ്രവാദം അവസാനിക്കും, പണമിടപാടുകൾ അവസാനിക്കും, അഴിമതിയും അവസാനിക്കും. ഇതെല്ലാം ഞങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ്". കപില്‍ സിബല്‍ കൂട്ടിച്ചേർത്തു.