ന്യൂഡൽഹി : വൈവിധ്യങ്ങളെ തുടച്ചുനീക്കുന്നത് ചരിത്രവിരുദ്ധത ആണെന്നും അത് സംഘർഷത്തിലേക്ക് നയിക്കുമെന്ന് രാജ്യസഭ എംപി കപിൽ സിബൽ. ഡല്‍ഹിയില്‍ എംപി വീരേന്ദ്ര കുമാര്‍ സ്‌മാരക പ്രഭാഷണം നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സഹകരണത്തിന്‍റെയും വൈവിധ്യവത്‌കരണത്തിന്‍റെയും പ്രക്രിയ ഇന്ത്യയെ ഇന്നത്തെ നിലയിലാക്കി. രാജ്യം അതിന്‍റെ സ്വഭാവവും ഉത്ഭവവും കൊണ്ട് വൈവിധ്യപൂർണമാണ്. വൈവിധ്യം ഒരു ആശയമല്ല, ചരിത്രപരമായ ഒരു സാമൂഹിക പരിണാമമാണ്' -അദ്ദേഹം പറഞ്ഞു. സംസ്‌കാരത്തിന്‍റെ വെെവിധ്യങ്ങളെ കുറിച്ചറിയാന്‍ ആയിരക്കണക്കിന് വർഷത്തെ ചരിത്രത്തിലേക്ക് ആഴ്ന്നിറങ്ങണമെന്നും കപില്‍ സിബല്‍ സൂചിപ്പിച്ചു.
'ഇന്ന് നമ്മള്‍ നേരിടുന്ന വെല്ലുവിളി ഈ വൈവിധ്യങ്ങളെ ഉൾക്കൊള്ളണോ അതോ മായ്‌ക്കണോ എന്നതാണ്. അതാണ് നമ്മുടെ രാജ്യത്തെ രാഷ്ട്രീയ വ്യവസ്ഥയിൽ നടക്കുന്ന ഇന്നത്തെ സംഘർഷം. നമ്മുടെ രാജ്യത്ത് വൈവിധ്യം ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയുണ്ട്. പക്ഷേ നിങ്ങൾക്ക് ഒരു ചരിത്ര വസ്‌തുത ഇല്ലാതാക്കാൻ കഴിയില്ല' -അദ്ദേഹം തുറന്നടിച്ചു.