ന്യൂഡല്‍ഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ വിദ്വേഷ പ്രസ്‌താവനയില്‍ വിമര്‍ശനവുമായി രാജ്യസഭ അംഗം കപില്‍ സിബല്‍. 'മിയ മുസ്‌ലിങ്ങളെ സംസ്ഥാനം പിടിച്ചടക്കാന്‍ അനുവദിക്കില്ല' എന്നതായിരുന്നു ഹിമന്തയുടെ പ്രസ്‌താവന. മുഖ്യമന്ത്രിയുടെ അഭിപ്രായം ശുദ്ധ വര്‍ഗീയ വിഷം ആണെന്നും, മൗനമല്ല അദ്ദേഹത്തിനുള്ള മറുപടി എന്നും കപില്‍ സിബൽ തുറന്നടിച്ചു.
ചൊവ്വാഴ്‌ചയാണ് ഹിമന്ത ബിശ്വ ശര്‍മ വിദ്വേഷ പ്രസ്‌താവന നടത്തിയത്. നാഗോണില്‍ 14 കാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ സംസ്ഥാന ക്രമസമാധാന നില ചര്‍ച്ച ചെയ്യുന്നതിനായി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തില്‍ നിയമസഭയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്‌താവന.
'ഹിമന്ത (അസം മുഖ്യമന്ത്രി) പറഞ്ഞത്: ഞാന്‍ പക്ഷം പിടിക്കും, മിയ മുസ്‌ലിങ്ങളെ അസം പിടിച്ചടക്കാന്‍ അനുവദിക്കില്ല. എന്നാല്‍ എന്‍റെ അഭിപ്രായം: അത് തികഞ്ഞ വര്‍ഗീയ വിഷമാണ്. നടപടിയെടുക്കേണ്ടതാണ്. നിശബ്‌ദത അല്ല മറുപടി' -ഹിമന്ത ബിശ്വ ശര്‍മയെ വിമര്‍ശിച്ച് കൊണ്ട് കപില്‍ സിബല്‍ എക്‌സില്‍ കുറിച്ചു.
Himanta
— Kapil Sibal (@KapilSibal) August 28, 2024
(Assam CM)
“Will take sides…Will not let Mita Muslims take over all of Assam”
My take :
Pure communal venom
Actionable
Silence not an answer
അസമില്‍ ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്‌ലിങ്ങളെയാണ് മിയ മുസ്‌ലിങ്ങള്‍ എന്ന് പറയുന്നത്. ബംഗാളി സംസാരിക്കാത്തവര്‍ ഇവരെ ബംഗാളില്‍ നിന്നുള്ള കുടിയേറ്റക്കാരെന്ന് വിശേഷിപ്പിക്കുന്നു. മിയ വിഭാഗത്തില്‍ നിന്നുള്ള ആക്‌ടിവിസ്‌റ്റുകള്‍ ഈ പദത്തെ പ്രതിരോധത്തിന്‍റെ ഐക്കണായി ഉപയോഗിക്കുന്നുണ്ട്. നേരത്തെയും ഹിമന്ത ബിശ്വ ശര്‍മ മിയ മുസ്‌ലിങ്ങള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി രംഗത്തെത്തിയിരുന്നു.
Also Read: 'രാജ്യത്തെ വൈവിധ്യങ്ങള്‍ തുടച്ചുനീക്കുന്നത് ചരിത്രവിരുദ്ധത': കപിൽ സിബൽ