ഭോപാൽ : കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോകുമെന്ന് ഊഹാപോഹങ്ങൾ കാറ്റിൽ പറത്തി മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ അണിചേരാൻ പാർട്ടി പ്രവർത്തകരോടും പൊതുജനത്തോടും അദ്ദേഹം അഭ്യർഥിച്ചു. ഇതോടെയാണ് അഭ്യൂഹങ്ങൾക്ക് വിരാമമായത്.
രാഹുൽ നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയെ വരവേൽക്കുന്നതിൽ മധ്യപ്രദേശിലെ ജനങ്ങളും കോൺഗ്രസ് പ്രവർത്തകരും ആവേശത്തിലാണ്. നമ്മുടെ നേതാവ് രാഹുൽ ഗാന്ധി അനീതിക്കും അടിച്ചമർത്തലിനും ചൂഷണത്തിനും എതിരെ രാജ്യത്തുടനീളം തെരുവിലിറങ്ങി പോരാടുകയാണ്.
മധ്യപ്രദേശിൽ പുരോഗമിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ പരമാവധി പേർ പങ്കെടുക്കണം. രാഹുൽ ഗാന്ധിയ്ക്ക് ശക്തിയും ധൈര്യവുമായി കൂടെ നിൽക്കണം. അനീതിയ്‌ക്കെതിരെയുള്ള ഈ മഹത്തായ പോരാട്ടത്തിൽ നമ്മൾ ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
അടുത്തിടെയാണ് മുതിർന്ന കോൺഗ്രസ് നേതാവായ കമൽനാഥ് ബി ജെ പിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചത്. മുൻ കോൺഗ്രസ് നേതാവും ബി ജെ പി സംസ്ഥാന വക്താവുമായ നരേന്ദ്ര സലൂജ കമലനാഥിനോടൊപ്പം 'ജയ് ശ്രീ റാം' എന്ന അടിക്കുറിപ്പോടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചതോടെയാണ് ഊഹാപോഹങ്ങൾ പരന്നത്.
എന്നാൽ വാർത്തകൾ പ്രചരിച്ചതിനെ പിന്നാലെ കമൽനാഥ് പ്രതികരണവുമായി എത്തിയിരുന്നു. എന്തെങ്കിലും ഉണ്ടെങ്കിൽ മാധ്യമങ്ങളെ അറിയിക്കുമെന്ന് വാർത്തകൾ തള്ളാതെയുള്ള കമൽനാഥിന്‍റെ പ്രതികരണം ബി ജെ പിയിൽ ചേരുമെന്ന വാർത്തകൾക്ക് ആക്കം കൂട്ടിയിരുന്നു.
എന്നാൽ താൻ ബി ജെ പിയിലേക്ക് ഇല്ലെന്ന് അദ്ദേഹം തിങ്കളാഴ്‌ച ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. ഇതിനു തൊട്ടുപിന്നാലെയാണ് ഭാരത് ജോഡോ യാത്രയെ പിന്തുണച്ചുകൊണ്ട് കമൽനാഥ് എക്‌സിൽ കുറിപ്പ് പങ്കുവച്ചത്.