ചെന്നൈ: തമിഴ്‌നാട് കള്ളക്കുറിച്ചിയിൽ വ്യാജ മദ്യം കഴിച്ച് 13 പേർക്ക് ദാരുണാന്ത്യം. 20 പേര്‍ ആശുപത്രിയിൽ ചികിത്സയില്‍. ഇന്നലെ (ജൂണ്‍ 18) രാത്രിയാണ് സംഭവം.
മദ്യം കഴിച്ച് വീട്ടിലെത്തിയ പലര്‍ക്കും തലകറക്കം, തലവേദന, ഛർദ്ദി, ഓക്കാനം, വയറുവേദന, കണ്ണിൽ അസ്വസ്ഥത എന്നിവ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. കല്ലുറിച്ചി ഗവൺമെൻ്റ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് 13 പേർ മരിച്ചത്.
മദ്യം കഴിച്ച് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായ 20 പേരെ സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. 10 ലധികം പേരെ വിദഗ്‌ധ ചികിത്സയ്ക്കായി പുതുച്ചേരിയിലെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിലേക്ക് മാറ്റി. രക്തസാമ്പിളുകളുടെ പരിശോധനയിൽ മെഥനോളിന്‍റെ അംശം കണ്ടെത്തിയിട്ടുണ്ട്.
മന്ത്രിമാരായ ഇവി വേലു, എം.സുബ്രഹ്മണ്യൻ എന്നിവരോട് കല്ലുറിശ്ശി ആശുപത്രിയിലെത്തി രോഗികളുടെ ആരോഗ്യവിവരങ്ങൾ തിരക്കാൻ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നിർദേശിച്ചു. സംഭവത്തെ തുടർന്ന് കള്ളക്കുറിച്ചി ജില്ല കലക്‌ടർ ശ്രാവൺ കുമാർ ജദാവത്തിനെ സ്ഥലം മാറ്റുകയും പകരം എം.എസ് പ്രസാദിനെ പുതിയ കലക്‌ടറായി നിയമിക്കുകയും ചെയ്‌തു. കേസ് സിബിസിഐഡി അന്വേഷിക്കാൻ മുഖ്യമന്ത്രി സ്റ്റാലിൻ ഉത്തരവിട്ടു.
Also Read: വീട്ടുമുറ്റത്ത് നിൽക്കവേ ദേഹത്ത് പന മറിഞ്ഞുവീണു; വൃദ്ധയ്ക്ക് ദാരുണാന്ത്യം