ന്യൂഡൽഹി: 1975 ൽ ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജൂൺ 25 ഇനി 'ഭരണഘടനാ ഹത്യാ ദിനം' ആയി ആചരിക്കുമെന്ന് കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. അടിയന്തരാവസ്ഥക്കാലത്തെ കടുത്ത അധികാര ദുർവിനിയോഗത്തിനെതിരെ പോരാടുകയും, ദുരിതം അനുഭവിക്കുകയും ചെയ്‌തവർക്ക് വേണ്ടിയാണ് ഈ ദിനം സമർപ്പിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ആ വേദനാജനകമായ നാളുകളിൽ സർക്കാരിനെതിരെ പോരാടിയ എണ്ണമറ്റ ആളുകളുടെ മഹത്തായ സംഭാവനകൾ ഈ ദിനത്തിൽ ഓർമ്മിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അന്നത്തെ സർക്കാർ അധികാര ദുർവിനിയോഗം നടത്തിയെന്നും അടിയന്തരാവസ്ഥയിൽ ഇന്ത്യയിലെ ജനങ്ങൾ അതിരുകടന്ന അതിക്രമങ്ങൾക്ക് വിധേയരായെന്നും ഗസറ്റ് വിജ്ഞാപനത്തിൽ പറയുന്നു. ഇന്ത്യയിലെ ജനങ്ങൾക്ക് ഭരണഘടനയിലും ജനാധിപത്യത്തിന്‍റെ ശക്തിയിലും അചഞ്ചലമായ വിശ്വാസമുണ്ടെന്ന് പ്രസ്‌താവിച്ച ഗസറ്റ് വിജ്ഞാപനത്തിൽ, ഭാവിയിൽ ഇത്തരം കടുത്ത അധികാര ദുർവിനിയോഗത്തെ പിന്തുണയ്ക്കാതിരിക്കാൻ ഇന്ത്യയിലെ ജനങ്ങളെ സ്വയം പുനർനിർമ്മിക്കുക എന്നതാണ് 'ഭരണഘടനാ ഹത്യാ ദിനം' ലക്ഷ്യമിടുന്നതെന്നും പറയുന്നു.
സ്വേച്‌ഛാധിപത്യ മനോഭാവത്തിലാണ് അക്കാലത്ത് ഇന്ത്യയിലെ ജനങ്ങൾക്കുമേൽ അടിയന്തരാവസ്ഥ അടിച്ചേൽപ്പിച്ചത്. മാത്രമല്ല ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള അന്നത്തെ സർക്കാർ ഇന്ത്യൻ ഭരണഘടനയുടെ ആത്മാവിനെ ഇല്ലാതെയാക്കിയെന്നും അമിത് ഷാ സൂചിപ്പിച്ചു.
25 जून 1975 को तत्कालीन प्रधानमंत्री इंदिरा गाँधी ने अपनी तानाशाही मानसिकता को दर्शाते हुए देश में आपातकाल लगाकर भारतीय लोकतंत्र की आत्मा का गला घोंट दिया था। लाखों लोगों को अकारण जेल में डाल दिया गया और मीडिया की आवाज को दबा दिया गया। भारत सरकार ने हर साल 25 जून को 'संविधान… pic.twitter.com/KQ9wpIfUTg
— Amit Shah (@AmitShah) July 12, 2024
"ഇന്ത്യ സർക്കാർ എല്ലാ വർഷവും ജൂൺ 25 'സംവിധാൻ ഹത്യ ദിവസ്' ആയി ആചരിക്കാൻ തീരുമാനിച്ചു. 1975 ലെ അടിയന്തരാവസ്ഥയുടെ മനുഷ്യത്വരഹിതമായ നടപടിക്ക് ഇരയായവർക്കും അടിയന്തരാവസ്ഥയുടെ പീഡനമേറ്റവർക്കും വേണ്ടിയാണ് ഈ ദിനം സമർപ്പിക്കുന്നത്' - ആഭ്യന്തരമന്ത്രി അമിത് ഷാ എക്‌സിൽ കുറിച്ചു.