ഹരിദ്വാർ : തെരഞ്ഞെടുപ്പ് കാലത്ത് ചിലർ മതത്തിന്‍റെ സഹായം തേടുന്നുവെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. ഹരിദ്വാറിലെ പര്യടനിത്തിനിടെ ശാസ്‌ത്രി മഹാമായ ദേവി ക്ഷേത്രത്തിൽ നടന്ന അനുഗ്രഹ ചടങ്ങിൽ (സന്ത് ആശിർവാദ് സമരോഹ്) ആണ് പ്രതിപക്ഷ പാര്‍ട്ടികളെ ലക്ഷ്യം വെച്ചുള്ള നദ്ദയുടെ പരാമര്‍ശം. പാര്‍ട്ടികളെ പേരെടുത്ത് പരാമര്‍ശിക്കാതെ, തെരഞ്ഞെടുപ്പ് റാലികളിൽ ചിലർ മതത്തെ ഉപഗിക്കുന്നുണ്ടെന്ന് നദ്ദ പറഞ്ഞു.
അവർ ഒരിക്കലും ക്ഷേത്രങ്ങളിൽ പോകാറില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് സമയത്ത് ക്ഷേത്രങ്ങൾ സന്ദർശിക്കും. അവർ പൂണൂൽ ധരിച്ചതായി കാണിക്കുന്നു. എന്നാല്‍ പൂണൂല്‍ എവിടെയാണ് ധരിക്കേണ്ടത് എന്ന് പോലും അവർക്കറിയില്ല. ആരതി നടത്തുമ്പോൾ അതെങ്ങനെ ഉഴിയുമെന്ന് പോലും അവര്‍ക്ക് അറിയില്ല.
എന്നാൽ ഇവർ മതത്തെ ഉപയോഗിക്കാൻ ശ്രമിക്കുന്നവരാണ്. നിങ്ങള്‍ സന്യാസിമാരുടെ സദ്‌ഗുണങ്ങളുടെ ശക്തി മോദിജിക്ക് എന്നും കൂടുതൽ കരുത്ത് നൽകുകയും അദ്ദേഹത്തെ വിജയിപ്പിക്കുകയും ചെയ്യും. സനാതന ധര്‍മത്തെ ചില രാഷ്‌ട്രീയ പാർട്ടികള്‍ അധിക്ഷേപിക്കുന്നു. ചിലർ സനാതന ശക്തികളെ കുറിച്ച് മോശം വാക്കുകൾ പറയുന്നു. സനാതന ശക്തികളെ കുറിച്ച് സമൂഹത്തിൽ തെറ്റായ ബോധം സൃഷ്‌ടിക്കാൻ ശ്രമിക്കുന്നു. ചില പാർട്ടികൾ ഇതില്‍ നിശബ്‌ദത പാലിക്കുന്നു. ഒന്നും പറയാനുള്ള ധൈര്യം ആ പാർട്ടിക്കാർക്കില്ല. രാഷ്‌ട്രീയം മൂലമാണ് ഇത് സംഭവിക്കുന്നതെന്നും നദ്ദ പറഞ്ഞു.
എല്ലാ സന്യാസിമാരുടെയും അനുഗ്രഹം തേടാനാണ് ഹരിദ്വാറിൽ എത്തിയതെന്ന് ജെപി നദ്ദ പറഞ്ഞു. തുടക്കം മുതലേ വിശുദ്ധരുടെ അനുഗ്രഹം സ്വീകരിച്ചുവരുന്നുണ്ട്. ഇന്നും ഈ അനുഗ്രഹം ആഗ്രഹിക്കുന്നു. സന്യാസിമാർ ഒരിക്കൽ കൂടി അനുഗ്രഹിച്ച്, ഭാരതീയ ജനതാ പാർട്ടി സർക്കാർ രൂപീകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്നും നദ്ദ പറഞ്ഞു.
ഹരിദ്വാറിലെത്തിയ നദ്ദ ആദ്യം സന്ദര്‍ശിച്ചത് ജുന അഖാരയിലാണ്. ഇവിടെ മായാദേവി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി. ഇതോടൊപ്പം ഭൈരവ ക്ഷേത്രത്തിലെത്തി ബാബ ഭൈരവന്‍റെ അനുഗ്രഹം തേടി. ഇതിന് ശേഷമാണ് ഹരിദ്വാറിലെ ശാസ്‌ത്രി മഹാമായ ദേവി ക്ഷേത്രത്തിൽ സന്ത് ആശിർവാദ് സമരോഹ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തത്.
ഇന്നത്തെ പരിപാടിയില്‍ മതവിശ്വാസവും ജെപി നദ്ദയുടെ അഭിപ്രായങ്ങളും മാത്രമാണ് സംസാരിച്ചതെന്നും മറ്റ് വിഷയങ്ങളൊന്നും ചർച്ച ചെയ്‌തില്ലെന്നു അഖാര പരിഷത്ത് പ്രസിഡന്‍റ് ശ്രീ മഹന്ത് രവീന്ദ്ര പുരി ഇടിവി ഭാരതിനോട് പറഞ്ഞു. ചടങ്ങിന് ശേഷം ജെപി നദ്ദ ഹരിദ്വാറിലെ ആര്യ നഗർ ചൗക്കിൽ നിന്ന് ഋഷികുൽ മൈതാനത്തേക്ക് റോഡ് ഷോ നടത്തി. റോഡ് ഷോയിൽ നിരവധി ബിജെപി പ്രവർത്തകർ പങ്കെടുത്തിരുന്നു. പലയിടത്തും പുഷ്‌പ വൃഷ്‌ടിയോടെയാണ് റോഡ് ഷോയെ സ്വീകരിച്ചത്.