ജമ്മു (ജമ്മു & കശ്‌മീർ) : ജമ്മു കശ്‌മീരിലെ ഏകദേശം എല്ലാ രാഷ്‌ട്രീയ പാർട്ടികളും ഏകകണ്‌ഠമായെടുത്ത തീരുമാനമാണ് വരാനിരിക്കുന്ന പാർലമെന്‍ററി തെരഞ്ഞെടുപ്പിനൊപ്പം തന്നെ കേന്ദ്ര ഭരണപ്രദേശത്ത് നിയമസഭ തെരഞ്ഞെടുപ്പും നടത്തണമെന്നത് (Political Parties Unanimous In Their Demand For Holding Simultaneous Polls In J&K). കഴിഞ്ഞ വർഷം ഡിസംബറിൽ സുപ്രീംകോടതി സംസ്ഥാന പദവി പുനഃസ്ഥാപിക്കാനും, അതുപോലെ തന്നെ ജമ്മു കശ്‌മീരിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് സെപ്റ്റംബർ അവസാനത്തോടെ നടത്താനും കേന്ദ്രസർക്കാരിനോട് നിർദേശിച്ചതിന് പിന്നാലെയാണ് ഈ മേഖലയിൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാർ രൂപീകരിക്കണമെന്ന ആവശ്യം ശക്തമായത്.
2018 ജൂണിൽ പിഡിപിയുടെ നേതൃത്വത്തിലുള്ള സഖ്യസർക്കാരിനുള്ള പിന്തുണ ബിജെപി പിൻവലിക്കുകയും ജമ്മു കശ്‌മീരിൽ ഗവർണർ ഭരണം ഏർപ്പെടുത്തുകയും ചെയ്‌തിരുന്നു. നവംബറിൽ അന്നത്തെ ജമ്മു കശ്‌മീർ ഗവർണർ സത്യപാൽ മാലികാണ് സംസ്ഥാന നിയമസഭ പിരിച്ചുവിട്ടത്. ജമ്മു കശ്‌മീരിൽ നിയമസഭ തെരഞ്ഞെടുപ്പ് നടത്താനുള്ള ആഹ്വാനം ജനങ്ങളെ ശാക്തീകരിക്കുക, ജനാധിപത്യ പ്രക്രിയയിലൂടെ അവരുടെ പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള അവസരം നൽകുക എന്ന ആശയവുമായി യോജിക്കുന്നതാണ്.
ജമ്മു കശ്‌മീരിൽ ഏറെ നാളായി കാത്തിരുന്ന നിയമസഭ തെരഞ്ഞെടുപ്പ് നടത്താൻ കോൺഗ്രസ് മാത്രമല്ല, എല്ലാ പാർട്ടികളും ഒരേ സ്വരത്തിൽ ആണ് ആവശ്യമുന്നയിച്ചതെന്ന് ജെകെപിസിസി മുഖ്യ വക്താവ് രവീന്ദർ ശർമ പറഞ്ഞു. ജമ്മു കശ്‌മീരിലെ നിയമസഭ തെരഞ്ഞെടുപ്പ് വൈകുന്നത് പരാമർശിക്കവേ, പ്രദേശത്ത് ജനാധിപത്യം നിലനിൽക്കണം” എന്ന് ജമ്മു കശ്‌മീർ നാഷണൽ കോൺഫറൻസ് പ്രവിശ്യ സെക്രട്ടറി ഷെയ്ഖ് ബഷീർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം ജമ്മുവിൽ ഫലിച്ചില്ല എന്ന് പ്രധാനമന്ത്രിയുടെ ജമ്മു സന്ദർശനത്തെ പരിഹസിച്ചുകൊണ്ട് ബഷീർ പറഞ്ഞു.
തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ അഭാവം മൂലം ജനങ്ങൾ ദുരിതമനുഭവിക്കുകയാണെന്ന് ജമ്മു കശ്‌മീർ പിഡിപി ജില്ല പ്രസിഡന്‍റ് ദിലീപ് ബാരു പറഞ്ഞു.