ഛണ്ഡീഗഢ്: ബിജെപി സര്‍ക്കാര്‍ ന്യൂനപക്ഷമായി മാറിയ ഹരിയാനയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്തയച്ച് ജെജെപി നേതാവ് ദുഷ്യന്ത് ചൗതാല. മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം സൈനി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയും കോണ്‍ഗ്രസിനൊപ്പം ചേരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ജെജെപിയുടെ നീക്കം.
ഹരിയാനയിലെ ബിജെപി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കുമെന്നും സംഭവത്തിന് പിന്നാലെ ജെജെപി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഇതൊന്നും തന്‍റെ സര്‍ക്കാരിന് പ്രശ്‌നമില്ലെന്ന് മുഖ്യമന്ത്രി നയാബ് സിങ് സൈനിയും തിരിച്ചടിച്ചു. ജെജെപിയില്‍ നിന്നുള്ള മറ്റ് നേതാക്കള്‍ ബിജെപിയുമായി വളരെയധികം സമ്പര്‍ക്കത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ മുന്‍ സഖ്യകക്ഷിയായ ജെജെപി ലോക്‌സഭ സീറ്റ് വിഭജന തര്‍ക്കത്തെ തുടര്‍ന്നാണ് സഖ്യം ഉപേക്ഷിച്ചത്. മെയ് എഴിനാണ് സൈനി സര്‍ക്കാരിനെ പിന്തുണച്ചിരുന്ന എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചത്. സോംബിർ സാങ്‌വാൻ (ദാദ്രി), രൺധീർ സിങ് ഗൊല്ലെൻ (പുന്ദ്രി), ധരംപാൽ ഗോന്ദർ (നിലോഖേരി) എന്നിവരാണ് പിന്തുണ പിന്‍വലിച്ച് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കായി പ്രചാരണം നടത്തുമെന്ന് പ്രഖ്യാപിച്ചത്. ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ അടക്കമുള്ളവര്‍ പങ്കെടുത്ത വാര്‍ത്ത സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. ഇതിന് പിന്നാലെയാണ് വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ട് ജെജെപി രംഗത്തെത്തിയത്.