റാഞ്ചി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ അപകീർത്തി പരാമർശം നടത്തിയ കേസിൽ രാഹുൽ ഗാന്ധിയ്ക്ക് തിരിച്ചടി. കേസ് റദ്ദാക്കണമെന്ന രാഹുലിന്‍റെ ഹര്‍ജി ജാര്‍ഖണ്ഡ് ഹൈക്കോടതി തള്ളി. 2018 ൽ അമിത് ഷായ്‌ക്കെതിരെ അപകീർത്തി പരാമർശം നടത്തി എന്നാരോപിച്ച് ബിജെപി നേതാവ് നല്‍കിയ ഹര്‍ജിയിലാണ് കേസ്. ഫെബ്രുവരി 16നാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി കോടതിയെ സമീപിച്ചത്. എന്നാല്‍ വിചാരണ നടപടികള്‍ സ്വീകരിക്കാമെന്ന് ജസ്റ്റിസ് അംബുജ്‌നാഥിൻ്റെ ബെഞ്ച് വ്യക്തമാക്കി.
കർണാടക നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ, അന്നത്തെ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്‌ക്കെതിരെ രാഹുൽ ഗാന്ധി ആക്ഷേപകരമായ പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് നവീൻ ഝാ ആണ് ജാർഖണ്ഡ് ഹൈക്കോടതിയിൽ മാനനഷ്‌ടക്കേസ് ഫയല്‍ ചെയ്‌തത്. ഇതേ സംഭവവുമായി ബന്ധപ്പെട്ട് 2018 ഓഗസ്റ്റ് 4 ന് സുൽത്താൻപൂരിലെ പ്രത്യേക കോടതിയിൽ ബിജെപി നേതാവ് വിജയ് മിശ്ര നൽകിയ മാനനഷ്‌ടക്കേസിൽ ഫെബ്രുവരി 20ന് രാഹുലിന് ജാമ്യം ലഭിച്ചിരുന്നു.