പാറ്റ്ന: അഗ്നിവീര്‍ പദ്ധതിയോട് സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും അസംതൃപ്‌തിയുണ്ടെന്ന് ജെഡിയു വക്താവ് കെസി ത്യാഗി. ചില വിഭാഗം വോട്ടര്‍മാര്‍ക്ക് പദ്ധതിയോട് കടുത്ത ദേഷ്യമാണെന്നും പദ്ധതിയില്‍ മാറ്റം വരുത്താന്‍ എന്‍ഡിഎ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ നിതീഷ് കുമാറുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെസി ത്യാഗി.
അഗ്നിവീര്‍ പദ്ധതി പുനഃപരിശോധിക്കണം. ജനങ്ങള്‍ ചോദ്യമുയര്‍ത്തിയ പദ്ധതി ഇല്ലാതാകണമെന്ന് തന്നെയാണ് തങ്ങളുടെയും ആഗ്രഹം. എന്നാല്‍ പൊതു സിവില്‍ കോഡിന് തങ്ങള്‍ എതിരല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിയമ കമ്മിഷനോട് അഭിപ്രായം തേടും.
ഇതിന് പുറമെ മറ്റ് മുഖ്യമന്ത്രിമാരുമായും വിവിധ രാഷ്‌ട്രീയ കക്ഷികളുമായും അദ്ദേഹം ചര്‍ച്ചകള്‍ നടത്തും. എല്ലാവരുമായി ചര്‍ച്ചകള്‍ നടത്തി പ്രശ്‌നം പരിഹരിക്കും. തങ്ങള്‍ ഉപാധികളില്ലാതെ എന്‍ഡിഎയെ പിന്തുണയ്ക്കുമെന്നും കെസി ത്യാഗി വ്യക്തമാക്കി.
2022ലാണ് അഗ്നിവീര്‍ പദ്ധതി കൊണ്ടുവന്നത്. ഹ്രസ്വകാലത്തേക്ക് സൈനിക സേവനം നടത്താനാകുന്ന പദ്ധതിയാണിത്. പതിനേഴര വയസിനും 21നും ഇടയില്‍ പ്രായമുള്ളവരെയാണ് പദ്ധതി പ്രകാരം തെരഞ്ഞെടുക്കുക. നാല് വര്‍ഷത്തേക്കാകും നിയമനം. ഇവരില്‍ കാല്‍ഭാഗം പേര്‍ക്ക് പതിനഞ്ച് വര്‍ഷത്തേക്ക് തുടരാനാകുന്ന വ്യവസ്ഥയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സേവനം അവസാനിക്കുന്ന മുറയ്ക്ക് ഇവര്‍ക്ക് ചെറിയ ധനസഹായം നല്‍കി പിരിച്ച് വിടും.
സൈനിക സേവനത്തിന് തയ്യാറുള്ള യുവാക്കള്‍ ഈ ഹ്രസ്വകാല സേവന പദ്ധതിയെ എതിര്‍ക്കുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവും പദ്ധതി പിന്‍വലിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.
അതേസമയം അഗ്നിവീര്‍ വഴി നിയമിതരായ ആദ്യ സംഘത്തിന്‍റെ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് പദ്ധതിയില്‍ മാറ്റങ്ങളുണ്ടാക്കുമെന്ന് മുന്‍ സൈനിക മേധാവി ജനറല്‍ വികെ സിങ് വ്യക്തമാക്കിയിരുന്നു. സൈന്യത്തിന്‍റെ യൗവനം കാത്ത് സൂക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരമൊരു പദ്ധതി ആവിഷ്ക്കരിച്ചതെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ വിശദീകരണം.
നിതീഷ് കുമാറിന്‍റെയും തെലുഗു ദേശം പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിന്‍റെയും കാലങ്ങളായുള്ള ആവശ്യമാണ് അവരുടെ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവിയെന്നത്. ഇക്കാര്യത്തില്‍ നേതാക്കള്‍ വീണ്ടും ആവശ്യമുന്നയിക്കുമെന്നാണ് ലഭിക്കുന്ന സൂചന.