ബെംഗളൂരു : അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ പിടിച്ചെടുത്ത തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സ്വത്തുക്കള്‍(Jayalalitha's illegal asset case) തമിഴ്‌നാട് സര്‍ക്കാരിന് കൈമാറാന്‍ കോടതി ഉത്തരവ്. വിവരാവകാശ പ്രവര്‍ത്തകന്‍ ടി നരസിംഹ മൂര്‍ത്തിയുടെ പൊതുതാത്‌പര്യ ഹര്‍ജിയിലാണ് ബെംഗളൂരു സെഷന്‍സ് കോടതിയുടെ ഉത്തരവ്.
ആഭ്യന്തര സെക്രട്ടറിക്കും പൊലീസ് വകുപ്പിനുമാണ് കോടതി ഈ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. കേസിന്‍റെ നടപടികള്‍ക്കായി കര്‍ണാടക സര്‍ക്കാരിന് ചെലവായ തുകയായി അഞ്ച് കോടി രൂപ തമിഴ്‌നാട് നല്‍കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ തുക ഡിമാന്‍ഡ് ഡ്രാഫ്‌റ്റായാണ് നല്‍കേണ്ടത്.
ജയലളിതയില്‍ നിന്ന് പിടിച്ചെടുത്ത സ്വത്തുക്കളുടെ വിവരങ്ങള്‍ നേരത്തെ സംസ്ഥാന സര്‍ക്കാരിന്‍റെ സ്പെഷ്യല്‍ പ്രൊസിക്യൂട്ടര്‍ കിരണ്‍ എസ് ജവാലി സമര്‍പ്പിച്ചിരുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍, 2014ല്‍ ജയലളിതയ്ക്ക് നാല് വര്‍ഷത്തെ തടവും നൂറ് കോടി രൂപ പിഴയും കോടതി വിധിച്ചിരുന്നു. ജയലളിതയില്‍ നിന്ന് പിടിച്ചെടുത്ത വസ്‌തുക്കള്‍ റിസര്‍വ് ബാങ്കിനോ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്‌ക്കോ നല്‍കണമെന്നും അല്ലെങ്കില്‍ പൊതുലേലത്തിലൂടെ വില്‍ക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ ചെലവ് പിഴത്തുകയില്‍ നിന്ന് ഈടാക്കാനും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പിന്നീട് കര്‍ണാടകഹൈക്കോടതി ജയലളിതയെ കുറ്റവിമുക്തയാക്കി. എന്നാല്‍ കണ്ടുകെട്ടിയ സ്വത്ത് വകകള്‍ എന്ത് ചെയ്യണമെന്ന കാര്യത്തില്‍ ഒരു വ്യക്തത വരുത്തിയിരുന്നില്ല.
ഈ സാഹചര്യത്തിലാണ് നരസിംഹ മൂര്‍ത്തി ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ തേടി കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് കോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. 7040 ഗ്രാം തൂക്കമുള്ള 468 തരം സ്വര്‍ണ - വജ്ര ഉരുപ്പടികള്‍, 700 കിലോ വെള്ളി ആഭരണങ്ങള്‍, 740 ആഡംബര ചെരിപ്പുകള്‍, 11344 പട്ടുസാരികള്‍, 250 ഷോളുകള്‍, 12 ഫ്രിഡ്‌ജുകള്‍, പത്ത് ടിവികള്‍, എട്ട് വിസിആറുകള്‍, ഒരു വിഡീയോ ക്യാമറ, നാല് സിഡി പ്ലെയറുകള്‍, രണ്ട് ഓഡിയോ ഡെക്കുകള്‍, 24 ടു ഇന്‍ വണ്‍ ടേപ്പ് റെക്കോര്‍ഡുകള്‍, 1040 വീഡിയോ കാസറ്റുകള്‍, മൂന്ന് ഇരുമ്പ് ലോക്കറുകള്‍, 193,202 രൂപ, തുടങ്ങിയവയാണ് ജയലളിതയില്‍ നിന്ന് പിടിച്ചെടുത്തത്.
1996ലാണ് സുബ്രഹ്മണ്യന്‍ സ്വാമി ജയലളിതയ്‌ക്കെതിരെ അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ച് കേസ് കൊടുത്തത്. ജയലളിതയുടെ മുഖ്യ എതിരാളി എം കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡിഎംകെ ആയിരുന്നു അന്ന് തമിഴ്‌നാട്ടില്‍ അധികാരത്തില്‍. പതിനെട്ട് വര്‍ഷത്തിന് ശേഷം ജയലളിതയെ കര്‍ണാടക ഹൈക്കോടതി കുറ്റവിമുക്തയാക്കിയിരുന്നു. 2014 സെപ്റ്റംബര്‍ 27ന് പുറപ്പെടുവിച്ച ബെംഗളൂരു പ്രത്യേക കോടതി ഉത്തരവാണ് ഹൈക്കോടതി 2015 മെയ് പന്ത്രണ്ടിന് റദ്ദാക്കിയത്.