ശ്രീനഗര്‍ : കശ്‌മീര്‍ പൗരനെ നിര്‍ബന്ധിച്ച് ജയ് ശ്രീംറാം വിളിപ്പിച്ച് സുരക്ഷ സേനാംഗം. യൂണിഫോം ധരിച്ചെത്തിയ സുരക്ഷ ഉദ്യോഗസ്ഥനാണ് ജയ് ശ്രീറാം വിളിക്കാന്‍ ഭീഷണിപ്പെടുത്തിയത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി (Security Forces Official Coercion To Kashmiri citizen To Call Jai Shri Ram).
ഒന്‍പത് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. സംഭവത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ആളിക്കത്തി. വീഡിയോയിലെ ദൃശ്യങ്ങള്‍ കശ്‌മീരി മുസ്‌ലിം വിഭാഗത്തോടുള്ള സുരക്ഷ സേനയുടെ പെരുമാറ്റങ്ങളെ കുറിച്ച് ആശങ്ക പടര്‍ത്തുന്നു എന്നാണ് ഉയര്‍ന്ന പ്രധാന വിമര്‍ശനങ്ങളില്‍ ഒന്ന്.
വൈറലായ വീഡിയോ: യൂണിഫോമും മുഖമൂടിയും ധരിച്ച സുരക്ഷ സേന ഉദ്യോഗസ്ഥന്‍ സേനയുടെ വാഹനത്തിന് മുമ്പില്‍ നില്‍ക്കുന്നു. അതിനിടെ അവിടേക്ക് കടന്ന് വരുന്ന മുതിര്‍ന്ന കശ്‌മീരിന് പൗരനെ ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുന്നു. പൗരനെ ഭീഷണിപ്പെടുത്തുന്നതും വീഡിയോയില്‍ കാണാം. ഉദ്യോഗസ്ഥന്‍റെ ഭീഷണിയില്‍ ഭയന്ന പൗരന്‍ ജയ് ശ്രീറാം എന്ന് വിളിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: സുരക്ഷ ഉദ്യോഗസ്ഥന്‍റെ വീഡിയോ വൈറലായതോടെ സമൂഹ മാധ്യമങ്ങളില്‍ ഇതിനെപ്പറ്റി ചര്‍ച്ചകള്‍ നടക്കുകയാണ്. സംഭവത്തില്‍ നാഷണൽ കോൺഫറൻസ് വക്താവ് സാറാ ഹയാത്ത് ഷാ നിരാശ പ്രകടിപ്പിച്ചു. വിഷയത്തില്‍ കശ്‌മീര്‍ പൊലീസില്‍ നിന്ന് വിശദീകരണം തേടണമെന്ന് നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക നടപടികളൊന്നും ഉണ്ടായിട്ടില്ല.
കഴിഞ്ഞ വര്‍ഷവും കശ്‌മീരില്‍ സമാന സംഭവം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. പുല്‍വാമ ജില്ലയിലെ പള്ളിയിലെത്തിയ ഏതാനും സൈനികര്‍ അതിനുള്ളിലെ വിശ്വാസികളെ കൊണ്ട് നിര്‍ബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിച്ചിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ഇതുവരെയും പൊലീസോ സുരക്ഷ ഏജന്‍സികളോ വിശദീകരണം നല്‍കാന്‍ തയ്യാറായിട്ടില്ല. കശ്‌മീരില്‍ നിന്നും കഴിഞ്ഞ ദിവസം പുറത്ത് വന്ന വീഡിയോയിലെ സുരക്ഷ സേന ഉദ്യോഗസ്ഥന്‍റെയോ വീഡിയോ പകര്‍ത്തിയയാളുടെയോ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.