ന്യൂഡല്‍ഹി : ഇഷ ഫൗണ്ടേഷന് ആശ്വാസം. ഇവര്‍ക്കെതിരെയുള്ള ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സുപ്രീം കോടതി തള്ളി. അനധികൃതമായി ആളുകളെ പാര്‍പ്പിച്ചിരിക്കുന്നുവെന്ന് ആരോപിച്ചുള്ള ഹര്‍ജിയാണ് മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി തള്ളിയത്.
39ഉം 42ഉം വയസുള്ള രണ്ട് സന്യാസിനികള്‍, തങ്ങള്‍ സ്വന്തം ഇഷ്‌ടപ്രകാരമാണ് ആശ്രമത്തില്‍ താമസിക്കുന്നതെന്ന് കോടതിയില്‍ മൊഴി നല്‍കി. മദ്രാസ് ഹൈക്കോടതിയും ഹര്‍ജി തള്ളണമെന്നും ഇനി മേല്‍നടപടികളുടെ ആവശ്യമില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇഷ ഫൗണ്ടേഷന്‍റെ ആശ്രമത്തില്‍ അനധികൃതമായി ആരെയെങ്കിലും തടവില്‍ പാര്‍പ്പിക്കുന്നുവെന്നതിന് തെളിവുകള്‍ നല്‍കാന്‍ തമിഴ്‌നാട് പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. സദ്ഗുരു ജഗ്ഗി വാസുദേവ് സ്ഥാപിച്ച ആശ്രമമാണ് ഇഷ ഫൗണ്ടേഷന്‍. ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവര്‍കൂടി ഉള്‍പ്പെട്ട ബെഞ്ചാണ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
ആശ്രമത്തില്‍ സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ഒരു ആഭ്യന്തര പരാതി സമിതി പ്രവര്‍ത്തിക്കുന്നുണ്ടെന്നും പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിലുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സന്യാസിനിമാരുടെ അച്ഛന്‍മാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. നിങ്ങള്‍ കുട്ടികളെ വളര്‍ത്തി വലുതാക്കി പ്രായപൂര്‍ത്തിയായി കഴിഞ്ഞാല്‍ അവരുടെ ജീവിതത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ നിങ്ങള്‍ക്ക് യാതൊരു അവകാശവുമില്ലെന്നും കോടതി ഹര്‍ജിക്കാരായ പിതാക്കന്‍മാരോട് പറഞ്ഞു.
മുതിര്‍ന്ന മക്കളും പിതാക്കന്‍മാരുമായുള്ള ബന്ധം ഹര്‍ജി നല്‍കി സ്ഥാപിക്കാനാകില്ല. തങ്ങള്‍ ആരുടെയും സമ്മര്‍ദത്തിന് വഴങ്ങിയല്ല സന്യാസത്തിന്‍റെ പാത സ്വീകരിച്ചതെന്നും സന്യാസിനിമാര്‍ വ്യക്തമാക്കി.
Also Read: ശൈശവ വിവാഹം തടയണം, വ്യക്തി നിയമങ്ങള്‍ കൊണ്ട് ഇല്ലാതാക്കാനാകില്ല; കര്‍ശന നിര്‍ദേശവുമായി സുപ്രീം കോടതി