നിസാമാബാദ് (തെലങ്കാന) : പഠിക്കാൻ പറഞ്ഞതിന് വിദ്യാർഥിയെ സഹപാഠികൾ കൊലപ്പെടുത്തി. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലെ ബോധൻ പട്ടണത്തിലെ സർക്കാർ ബോയ്‌സ് ഹോസ്‌റ്റലിലാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത് (Digree Student Killed By Six Intermediate Students in Telangana). പഠിക്കാൻ ഉപദേശിച്ചതിന് ഡിഗ്രി വിദ്യാർഥിയായ വെങ്കട്ട് (19) നെ ആറ് പ്ലസ് വൺ പ്ലസ് ടു വിദ്യാർഥികൾ ചേർന്ന് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം പുറത്തറിയുന്നത്.
ബോധൻ ടൗണിലെ ബോയ്‌സ് ഹോസ്റ്റലിൽ സ്റ്റഡി ഇൻ ചാർജിന്‍റെ ചുമതല വഹിച്ചത് കൊല്ലപ്പെട്ട വെങ്കട്ട് ആണ്. പല പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളും ഞായറാഴ്‌ച രാത്രി പഠിക്കാതെ സംസാരിക്കുകയും മെബൈൽ ഫോണിൽ കളിക്കുകയും ചെയ്‌തിരുന്നു.
സംസാരിച്ചിരുന്നവരോടും ഫോണിൽ കളിച്ചവരോടും പരീക്ഷ ആണെന്നും സംസാരിക്കതെ മെബൈൽ ഫോൺ എടുത്ത് മാറ്റി വെച്ച് പഠിക്കാൻ വേണ്ടിയും വെങ്കട്ട് ഉപദേശിച്ചു.
ഇത് ഇഷ്‌ടപ്പെടാത്ത ആറ് വിദ്യാർഥികൾ രാത്രി മുറിയിൽ ഉറങ്ങുകയായിരുന്ന വെങ്കട്ടിനെ ആക്രമിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം അവർ ആറ് പേരും അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. വിദ്യാർഥികൾ പോകുന്ന ബഹളം കേട്ട് ഡോർമിറ്ററിയിൽ ഉണ്ടായിരുന്ന ബാക്കി വിദ്യാർഥികൾ അങ്ങോട്ടേക്ക് പോയി.
അബോധാവസ്ഥയിലായിരുന്ന വെങ്കട്ടിനെ കണ്ട ഉടൻ തന്നെ അവർ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും വെങ്കട്ട് മരിച്ചതായി ഡോക്‌ടർമാർ വെളിപ്പെടുത്തി. സംഭവത്തിൽ പൊലീസ് കേസെടുത്തു. ഓടി രക്ഷപ്പെട്ട ആറ് വിദ്യാർഥികളെയും ചോദ്യം ചെയ്‌തുവരികയാണ്.
കൊല്ലപ്പെട്ട വെങ്കട്ട് ഗാന്ധാരി മണ്ഡലത്തിലെ തിപ്പരി താണ്ട സ്വദേശിയാണ്. വെങ്കട്ടിനെ മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയതാണെന്ന് വെങ്കടിന്‍റെ ബന്ധുക്കൾ ആരോപിച്ചു.