ദിസ്‌പൂര്‍: "എല്ലാം നഷ്‌ടപ്പെട്ടതിന് ശേഷവും നിങ്ങളില്‍ എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള ധൈര്യം ബാക്കി നില്‍ക്കുകയാണെങ്കില്‍, മനസിലാക്കുക നിങ്ങള്‍ക്ക് ഒന്നും നഷ്‌ടപ്പെട്ടിട്ടില്ല". എപിജെ അബ്‌ദുള്‍ കലാമിൻ്റെ ഈ വാക്കുകള്‍ ജീവിതത്തില്‍ അക്ഷരാര്‍ഥത്തില്‍ പ്രാവര്‍ത്തികമാക്കിയിരിക്കുകയാണ് അസമില്‍ നിന്നുള്ള ഒരു ചെറുപ്പക്കാരൻ. ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം, സന്തോഷവും സമാധാനവും സമ്പന്നവുമായ ജീവിതമായിരിക്കും അവൻ്റെ സ്വപ്‌നം. എന്നാല്‍ നാളിതുവരെയും കണ്ട സ്വപ്‌നം പെട്ടന്നൊരു ദിവസംകൊണ്ട് ഇല്ലാതാകുന്നത് ചിന്തിക്കാൻ കഴിയുമോ..?
ചില നിർഭാഗ്യങ്ങളോ അപ്രതീക്ഷിത സാഹചര്യങ്ങളോ കാരണം ജീവിതം വഴിമുട്ടിപ്പോയവര്‍ ദൈവത്തെ പഴിച്ചിരിക്കാതെ ധൈര്യമായി മുന്നോട്ട് പോവുക, ജീവിതം ഇനിയും ബാക്കിയുണെന്ന് പഠിപ്പിക്കുകയാണ് അസമിലെ ദിബ്രുഗഡ് ജില്ലയിലെ ഖോവാങ് സ്വദേശി അക്കോൺ എന്ന കർണജിത് ബോറ.
10 വർഷം മുൻപാണ് അക്കോണിന് മരത്തിൽ നിന്ന് വീണ് ഒരു കാൽ നഷ്‌ടപ്പെട്ടത്. ബിസിനസുകാരനായിരുന്ന ഈ ചെറുപ്പക്കാരൻ അന്നുവരെ കണ്ട സ്വപ്‌നങ്ങളെല്ലാം ഒറ്റ ദിവസംകൊണ്ട് ഇല്ലാതാവുകയായിരുന്നു. ഇതോടെ എല്ലാം അവസാനിച്ചുവെന്ന് കരുതിയ തൻ്റെ കുടുംബത്തിന് മുന്നില്‍ തലയുര്‍ത്തി പരിമിതികളോട് പൊരുതി ജീവിക്കുകയാണ് ഇദ്ദേഹം. അക്കോണിൻ്റെ നിശ്ചയദാർഢ്യത്തിന് മുന്നില്‍ അങ്ങനെ വിധിയും തലതാഴ്‌ത്തി.
10 വർഷം മുൻപ് തൻ്റെ ജീവിതത്തെ മാറ്റിമറിച്ച അപകടത്തെ മറന്ന് ഊന്നുവടിയുടെ സഹായത്താൻ അയാള്‍ തൻ്റെ കൃഷിഭൂമിയിലേക്ക് ഇറങ്ങി. ശാരീരിക നിയന്ത്രണങ്ങൾ അവഗണിച്ച്, ബുറിദിഹിംഗ് നദീതീരത്തിനടുത്തുള്ള സ്വന്തം ഭൂമിയിൽ അദ്ദേഹം കൃഷി ചെയ്യാൻ തുടങ്ങി. സര്‍ക്കാര്‍ ധനസഹായമായി നല്‍കുന്ന 1250 രൂപ കൊണ്ട് താനും ഭാര്യയും സ്‌കൂളില്‍ പോകുന്ന മകളുമടങ്ങുന്ന കുടുംബം കഴിയുമെന്ന ചിന്തയാണ് കൃഷി ചെയ്യാനുള്ള തീരുമാനത്തിലേക്ക് എത്താൻ കാരണം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
"തനിക്ക് ഒരു വീട് അനുവദിക്കണമെന്നപേക്ഷിച്ചതിന് ശേഷം സർക്കാരിൽ നിന്ന് ഒരു സഹായവും ലഭിച്ചിട്ടില്ല. ദിവ്യാംഗ് പെൻഷൻ പദ്ധതി പ്രകാരം 1250 രൂപ സഹായം മാത്രമേ ലഭിക്കുന്നുള്ളൂ, അത് ദൈനംദിന ആവശ്യങ്ങൾക്ക് തികയില്ല. അതിനാൽ ഞാൻ ഒന്നിലധികം വിളകൾ കൃഷി ചെയ്യുകയും ദൈനംദിന ആവശ്യങ്ങൾക്കായി പണം സമ്പാദിക്കുകയും ചെയ്യുന്നു". അക്കോണിൻ്റെ വാക്കുകളാണിത്.
നെല്‍കൃഷി ചെയ്‌ത ശേഷം, ഇപ്പോൾ മത്തങ്ങ, വെള്ളരി, പയർ, കടുക് തുടങ്ങിയ വിളകളും കൃഷി ചെയ്യുന്നു. ഒരു കാലും മറുവശത്ത് ഊന്നുവടിയും ഉപയോഗിച്ചാണ് എക്കോൺ ഇവയെല്ലാം ചെയ്യുന്നതെന്ന് മറക്കരുത്. പൂർണ ആരോഗ്യമുള്ളവര്‍പോലും ഒരു പ്രതിസന്ധി വരുമ്പോള്‍ വിധിയെ പഴിചാരി മാറി നില്‍ക്കാറുണ്ട്. അവിടെയാണ് ഈ ചെറുപ്പക്കാരൻ വ്യത്യസ്‌തനാകുന്നത്. തന്റെ കഠിനാധ്വാനത്തിലൂടെ ലഭിക്കുന്ന ചെറിയ വരുമാനം അത് എന്തുതന്നെയായാലും അയാക്കത് ജീവിക്കാനുള്ള പ്രതീക്ഷയാണ്. മകളുടെ വിദ്യാഭ്യാസം കുടുംബത്തിൻ്റെ ചെലവ്, ഇവയെല്ലാം തൻ്റെ വരുമാനത്തില്‍ നിന്ന് അദ്ദേഹം നിറവേറ്റുന്നു.
ഒരു മിനിട്ടുപോലും തളര്‍ന്നിരിക്കാനോ നിരാശപ്പെടാനോ അദ്ദേഹത്തിന് മനസില്ല. വലിയ വലിയ ലക്ഷ്യങ്ങള്‍ക്കു പുറകെയാണ് അദ്ദേഹം. അവരാണ് ജീവിതത്തിലെ യഥാർഥ ഹീറോകൾ. കൃഷി തങ്ങളുടെ ഉപജീവനമാർഗമാണ്. ഇന്നത്തെ സമുഹത്തിലെ പുതിയ തലമുറക്ക് കൃഷി ചെയ്യാൻ ലജ്ജയാണെന്നും പിടിവാശികള്‍ ഒഴിവാക്കിയാല്‍ ജീവിക്കാൻ മാര്‍ഗങ്ങള്‍ ഒരുപാടുണ്ടെന്നും കർണജിത് ബോറ എന്ന അക്കോൺ പറഞ്ഞു വക്കുന്നു.
Read More: അക്വേറിയത്തിലെത്തിക്കാം ഈ 'കടൽ സുന്ദരികളെ'; എണ്ണം പറഞ്ഞ ഗവേഷണ നേട്ടവുമായി CMFRI