ന്യൂഡല്‍ഹി : ഡല്‍ഹി-വാരണാസി വിമാനത്തില്‍ എയര്‍ കണ്ടീഷന്‍ തകരാറിലായതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. സെപ്‌റ്റംബര്‍ അഞ്ചിന് ഡല്‍ഹിയില്‍ നിന്നും വാരണാസിയിലേക്ക് പുറപ്പെട്ട 6E 2235 വിമാനത്തിലാണ് യാത്രക്കാര്‍ അസൗകര്യം നേരിട്ടത്. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ഇന്‍ഡിഗോ ഇന്നലെ (സെപ്‌റ്റംബര്‍ 7) രംഗത്തെത്തി.
'6E 2235 ഡല്‍ഹി-വാരണാസി വിമാനത്തില്‍ യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദം അറിയിക്കുന്നു. യാത്രക്കാരുടെ അഭ്യര്‍ഥന പ്രകാരം താപനിലയില്‍ മാറ്റം വരുത്തുകയായിരുന്നു. പ്രസ്‌തുത സാഹചര്യം കൈകാര്യം ചെയ്യുന്നതിനായി ബാധിക്കപ്പെട്ട യാത്രക്കാര്‍ക്ക് ക്യാബിന്‍ ക്രൂ ഉടന്‍ സഹായം ചെയ്‌തിരുന്നു' -ഇന്‍ഡിഗോ പ്രസ്‌താവനയില്‍ പറഞ്ഞു.
വിമാനത്തിലെ എയര്‍ കണ്ടീഷന്‍ സിസ്‌റ്റം തകരാറിലായതിനാല്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് നേരിട്ടു. എന്നാല്‍ എസി ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു എയര്‍ലൈന്‍ നല്‍കിയ വിശദീകരണം. പക്ഷേ താപനിലയില്‍ ഉണ്ടായ വ്യതിയാനം വിമാനത്തിന് അകത്ത് ചൂട് കൂടാന്‍ കാരണമായി. ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തിയില്‍ ആകുകയായിരുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കഠിനമായ ചൂടും ശ്വാസ തടസവും മൂലം നിരവധി യാത്രക്കാര്‍ ബോധരഹിതരായി. പ്രായമായ യാത്രക്കാരെയാണ് ഇത് കൂടുല്‍ ബാധിച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
അസ്വസ്ഥത അനുഭവപ്പെട്ട യാത്രക്കാര്‍ തണുപ്പിനായി മാസികകള്‍ കൊണ്ട് വീശുന്നതും മറ്റും വീഡിയോയില്‍ കാണാമായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ലെന്നും വിമാനം റാഞ്ചിയതായി തോന്നിയെന്നും യാത്രക്കാരില്‍ ചിലര്‍ പ്രതികരിച്ചു.
Also Read: 'ബോംബ് ഓണ്‍ ബോര്‍ഡ്' ഭീഷണി: തുർക്കിയിലുള്ള യാത്രക്കാര്‍ക്കായി പുതിയ വിമാനമയച്ച് വിസ്‌താര