ബെംഗളൂരു : ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രാൻസിറ്റിൻ്റെ കാർബോഡി ഘടന ഉദ്ഘാടനം ചെയ്‌ത് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. ആറ് മാസത്തിനുള്ളിൽ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ പ്രവർത്തിച്ചു തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ വന്ദഭാരത് എക്‌സ്‌പ്രസ് സ്ലീപ്പര്‍ പ്രോട്ടോടൈപ്പിന്‍റെ നിര്‍മാണം പൂര്‍ത്തിയായി. ബെംഗളൂരുവിലെ റെയിൽവേ യൂണിറ്റിൽ ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡാണ് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ നിര്‍മിക്കുന്നത്.
ഉദ്ഘടന ചടങ്ങിൽ ചെയർമാനും മാനേജിങ് ഡയറക്‌ടറുമായ ശന്തനു റോയിയും റെയിൽവേ മന്ത്രാലയം, ഐസിഎഫ്, ബിഇഎംഎൽ ലിമിറ്റഡ് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളിൽ വയര്‍ലൈസ് നിയന്ത്രണ സംവിധാനമടക്കം സജ്ജീകരിച്ചിട്ടുണ്ട്. ഉയർന്ന ഗ്രേഡ് ഓസ്റ്റെനിറ്റിക് സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ചാണ് കാർബോഡി ഘടന തയ്യാറാക്കിയിരിക്കുന്നത്. ഇൻ്റീരിയർ, സ്ലീപ്പർ ബർത്തുകൾ, എക്സ്റ്റീരിയർ എന്നിവയിൽ സൗന്ദര്യാത്മക ആകർഷണത്തിനും പ്രവർത്തനത്തിനും മുൻഗണന നൽകുന്നു.
ഫ്രണ്ട് നോസ് കോൺ മുതൽ ഇൻ്റീരിയർ പാനലുകൾ, സീറ്റുകൾ, ബർത്തുകൾ, ഇൻ്റീരിയർ ലൈറ്റുകൾ, കപ്ലറുകൾ, ഗ്യാങ്‌വേകൾ എന്നീ എല്ലാ ഘടകങ്ങളും സ്ലീപ്പർ ട്രെയിൻസെറ്റിൻ്റെ കൃത്യമായ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് സൂക്ഷമമായാണ് ട്രെയിൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നുത്. വന്ദേ ഭാരത് ട്രെയിനുകളുടെ വേഗത 160 കിമീറ്ററായിരിക്കും. 11 എസി 3 ടയര്‍ കോച്ചുകളും 4 എസി 2 ടയര്‍ കോച്ചുകളും ഒരു എസി ഒന്നാം കോച്ചുമാണ് ആദ്യ പ്രോട്ടോടൈപ്പ് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനിലുണ്ടാവുക. രാജധാനി എക്‌സ്‌പ്രസ് ട്രെയിനുകളേക്കാള്‍ മികച്ച കുഷ്യനുകളാണ് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കൂടാതെ വിവിധ തരത്തിലുള്ള ബർത്തുകളും സെന്‍സര്‍ അധിഷ്‌ഠിത ലൈറ്റിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാർക്ക് വേണ്ടി പ്രത്യേകം ബർത്തുകളും ടോയ്‌ലെറ്റുകള്‍, ഓട്ടോമാറ്റിക് എക്സ്റ്റീരിയര്‍ പാസഞ്ചര്‍ വാതിലുകള്‍ എന്നീ നിരവധി സൗകര്യങ്ങളാണ് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനിലുള്ളത്. എല്ലാവർക്കും എളുപ്പത്തിൽ കയറാൻ പാകത്തിലുള്ള രീതിയിലാണ് ഗോവണികൾ നിർമിച്ചിരിക്കുന്നത്.
മൊത്തം 823 ബെർത്താണ് യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്‍റെ നിർമാണം ആരംഭിച്ചത്.