കൊൽക്കത്ത : നദിക്കടിയിലൂടെ ഒരു മെട്രോ സർവീസ്. അതും വെറും 45 സെക്കൻഡുകൾക്കുള്ളിൽ. കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നുണ്ടോ.പശ്ചിമബംഗാളിലെ കൊൽക്കത്തയിൽ നിർമിച്ച ഈ അണ്ടർവാട്ടർ മെട്രോ ഇന്ന്(മാർച്ച് 15) രാവിലെ 7 മുതൽ സർവീസ് ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യയിലെ തന്നെ ആദ്യത്തെ അണ്ടർവാട്ടർ മെട്രോ സർവീസ് ആണ് ഇത്.
ഗംഗ (ഹൂഗ്ലി)നദിയിലൂടെ കടന്നുപോകുന്ന ഈ മെട്രോയുടെ ആദ്യ യാത്രയുടെ ഭാഗമാകാൻ മെട്രോ ഉദ്യോഗസ്ഥർക്കൊപ്പം ജനങ്ങളുടെ വൻനിര തന്നെ ഉണ്ടായിരുന്നു. പതിവിൽ നിന്ന് വ്യത്യസ്‌തമായ ഈ മെട്രോ യാത്ര യാത്രക്കാരെ ആവേശഭരിതരാക്കി. നദിക്കടിയിൽ നിർമിച്ച തുരങ്കം കൊൽക്കത്തയിലെ ഈസ്റ്റ് വെസ്റ്റ് മെട്രോയുടെ ഭാഗമാണ്.
ഈ മെട്രോ സർവീസ് എസ്‌പ്ലനേഡിനെയും ഹൗറ മൈതാനത്തെയും ബന്ധിപ്പിക്കും. ട്രാഫിക് തടസങ്ങളില്ലാതെ വെറും 45 സെക്കൻഡുകൾക്കുള്ളിലാണ് നദിയിലൂടെ മെട്രോ കടന്നുപോകുന്നത്. ഗംഗ നദിക്കടിയിലൂടെയുള്ള യാത്ര ആസ്വദിക്കാൻ രാജ്യത്തിന്‍റെ പല ഭാഗങ്ങളിൽ നിന്നായി ആളുകൾ ഒഴുകിയെത്തുമെന്ന് ഉറപ്പാണെന്ന് കൊൽക്കത്ത മെട്രോയുടെ ചീഫ് പിആർഒ ആയ കൗഷിക് മിത്ര പറഞ്ഞു.
41 വർഷങ്ങൾക്ക് മുൻപാണ് രാജ്യത്തെ ആദ്യത്തെ മെട്രോ സർവീസ് ആരംഭിച്ചത്. അതും കൊൽക്കത്തയിൽ തന്നെ. ഇപ്പോൾ 2024 മാർച്ച് 15നും കൊൽക്കത്തയുടെയും അതിൻ്റെ മെട്രോ സർവീസുകളുടെയും ചരിത്രത്തിലെ മറ്റൊരു അവിസ്‌മരണീയ ദിനമായി മാറിയിരിക്കുകയാണ്.
മാർച്ച് ആറിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ അണ്ടർവാട്ടർ മെട്രോ ഉദ്ഘാടനം ചെയ്‌തത്. പകൽ സമയത്ത് 7 മുതൽ 12 മിനിറ്റുകൾക്ക് ഇടയിലായി ഈ റൂട്ടുകളിൽ മെട്രോ സേവനം ലഭ്യമാകും. മറ്റ് രണ്ട് റൂട്ടുകളിലേക്കും മെട്രോ സർവീസ് നടത്തുന്നുണ്ട്. ടിക്കറ്റോ കാർഡോ ഉപയോഗിച്ച് യാത്ര ചെയ്യാം.