ന്യൂഡൽഹി: ന്യൂ ജനറേഷൻ ബാലിസ്‌റ്റിക് മിസൈലായ അഗ്നി-പ്രൈം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഒഡീഷ തീരത്തെ ഡോ. എ പി ജെ അബ്‌ദുൾ കലാം ദ്വീപിൽ നിന്ന് ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്‌മെന്‍റ് ഓർഗനൈസേഷനും (ഡിആർഡിഒ) സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡും (എസ്എഫ്‌സി) ചേർന്ന് ബുധനാഴ്‌ച വൈകീട്ട് ഏഴിനാണ് പരീക്ഷണം നടത്തിയത്.
ട്രയലിൽ ലക്ഷ്യമിട്ട എല്ലാ കടമ്പകളും കടന്നാണ് മിസൈലിന്‍റെ പരീക്ഷണം പൂര്‍ത്തിയായത്. ചീഫ് ഓഫ് ഡിഫൻസ് സ്‌റ്റാഫ്, ചീഫ് ഓഫ് സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡ്, ഡിആർഡിഒയിലെയും ഇന്ത്യൻ ആർമിയിലെയും മുതിർന്ന ഉദ്യോഗസ്ഥരും വിക്ഷേപണത്തിന് സാക്ഷ്യം വഹിച്ചു.
പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയ ഡിആർഡിഒ, എസ്എഫ്‌സി, സായുധ സേന വിഭാഗത്തെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദിച്ചു. മിസൈൽ വിക്ഷേപണം വിജയകരമായി പൂര്‍ത്തീകരിക്കാനായത് സായുധ സേനയുടെ ശക്തി വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എസ്എഫ്‌സിയുടെയും ഡിആർഡിഒയുടെയും ധീര ശ്രമത്തെ ചീഫ് ഓഫ് ഡിഫൻസ് സ്‌റ്റാഫ് ജനറൽ അനിൽ ചൗഹാനും സെക്രട്ടറി ഡിആർഡിഒ ചെയർമാൻ സമീർ വി കാമത്തും അഭിനന്ദിച്ചു.