കൊൽക്കത്ത : ആന്‍ഡമാനിന് സമീപം കടലില്‍ മുങ്ങിയ കപ്പലില്‍ നിന്ന് 11 പേരെ രക്ഷപ്പെടുത്തി ഇന്ത്യൻ കോസ്‌റ്റ് ഗാർഡ്. ഐടിടി പ്യൂമ എന്ന ചരക്ക് കപ്പലാണ് മുങ്ങിയത്. കൊൽക്കത്തയിൽ നിന്ന് പോർട്ട് ബ്ലെയറിലേക്ക് പോകുകയായിരുന്ന കപ്പല്‍ ഞായറാഴ്‌ച രാത്രിയാണ് അപകടത്തിൽപെട്ടത്.
സാഗർ ദ്വീപിന് തെക്ക് ഭാഗത്ത് ഏകദേശം 90 നോട്ടിക്കൽ മൈൽ അകലെവെച്ചായിരുന്നു അപകടം എന്നാണ് കോസ്‌റ്റ് ഗാർഡ് നൽകുന്ന വിവരം. പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചായിരുന്നു രക്ഷാപ്രവർത്തനം. കോസ്‌റ്റ് ഗാർഡ് കപ്പലുകളായ സാരംഗ്, അമോഗ് എന്നിവക്ക് പുറമെ ഡോർണിയർ വിമാനവും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായി.
ഐഎഫ്‌ബി ഏഞ്ചൽ അഡ്രിഫ്റ്റ് എന്ന കപ്പലിന് ഓഗസ്റ്റ് 24 ന് ഇന്ത്യന്‍ നാവിക രക്ഷകരായിരുന്നു. എഞ്ചിൻ തകരാറിലായി നിന്ന് പോയ കപ്പല്‍ നാവിക സേനയുടെ ഡോർണിയർ വിമാനം കണ്ടെത്തുകയായിരുന്നു. ഐസിജി മാരിടൈം റെസ്‌ക്യൂ കോർഡിനേഷൻ സബ് സെന്‍ററിന് ലഭിച്ച വിവരത്തെ തുടർന്നാണ് ഇന്ത്യൻ കോസ്‌റ്റ് ഗാർഡ് കപ്പലായ രാജ്രതൻ രക്ഷാപ്രവർത്തനം നടത്തിയത്.
ദിയുവിൽ നിന്ന് 70 കിലോമീറ്റർ തെക്ക് കിഴക്കായായിരുന്നു കപ്പലുണ്ടായിരുന്നത്. 9 പേരടങ്ങുന്ന രക്ഷാപ്രവർത്തനസംഘത്തിന് കപ്പൽ സുരക്ഷിതമായി ജാഫറാബാദിൽ എത്തിക്കാനായി.
അതേസമയം ചെന്നൈയിൽ പുതുതായി നിർമ്മിച്ച ഇന്ത്യൻ കോസ്‌റ്റ് ഗാർഡിൻ്റെ അത്യാധുനിക മാരിടൈം റെസ്‌ക്യൂ കോർഡിനേഷൻ സെൻ്റർ നേരത്തെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉദ്‌ഘാടനം ചെയ്‌തിരുന്നു. ഓഗസ്റ്റ് 18 നായിരുന്നു ഉദ്‌ഘാടനം.
ടെറസ്ട്രിയൽ, സാറ്റലൈറ്റ് സംവിധാനങ്ങൾ വഴിയുള്ള നിരീക്ഷണത്തിനുള്ള അത്യാധുനിക സജ്ജീകരണങ്ങളോടെയാണ് കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. ശക്തമായ സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തിര സാഹചര്യങ്ങളിൽ കാര്യക്ഷമമായ ഇടപെടല്‍ നടത്തുന്നതിനും ലക്ഷ്യമിട്ടാണ് സെന്‍റർ സ്ഥാപിച്ചിരിക്കുന്നതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞിരുന്നു.
ഇതിന് പുറമെ ചെന്നൈ റീജിയണൽ മറൈൻ പൊല്യൂഷൻ റെസ്‌പോൺസ് സെൻ്റർ, പുതുച്ചേരിയിലെ കോസ്റ്റ് ഗാർഡ് എയർ എൻക്ലേവ് എന്നിവയും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
Also Read:ഇന്ത്യൻ കോസ്‌റ്റ് ഗാർഡ് ഡയറക്‌ടർ ജനറൽ രാകേഷ് പാൽ അന്തരിച്ചു