ന്യൂഡല്‍ഹി: ഇന്ത്യ ചൈന നിയന്ത്രണ രേഖയില്‍ പട്രോളിങ് പുനരാരംഭിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. അതിര്‍ത്തിയിലെ സേന പിന്മാറ്റത്തില്‍ ഇരു രാജ്യങ്ങളും ധാരണയില്‍ എത്തിയതായും അദ്ദേഹം അറിയിച്ചു. ബ്രിക്‌സ് ഉച്ചകോടി നാളെ ആരംഭിക്കാനിരിക്കെയാണ് വിഷയത്തില്‍ സുപ്രധാന പ്രഖ്യാപനം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്‍റുമായി നാളെ (ഒക്‌ടോബര്‍ 22) കൂടിക്കാഴ്‌ച നടത്തിയേക്കും. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനായി ഇന്ത്യയും ചൈനയും കഴിഞ്ഞ ഏതാനും ആഴ്‌ചകളായി ചര്‍ച്ച നടത്തുകയായിരുന്നെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
ALSO READ: പിന്തുണയ്‌ക്കുമെന്ന് ഇന്ത്യയുടെ ഉറപ്പ്; മാലദ്വീപിലും ഇനി യുപിഐ സംവിധാനം
2020ല്‍ ഉണ്ടായ ഗാല്‍വാൻ സംഘര്‍ഷത്തിന് ശേഷം ഉടലെടുത്ത തര്‍ക്കങ്ങള്‍ ഇരു രാജ്യങ്ങളും പരിഹരിച്ചതിന്‍റെ സൂചനയാണ് ഇപ്പോഴത്തെ നീക്കങ്ങള്‍. 2020 ജൂണിലായിരുന്നു ലഡാക്കിലെ ഗാല്‍വാൻ താഴ്‌വരയില്‍ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. നിരവധി ചൈനീസ് സൈനികര്‍ക്കും ഈ സംഭവത്തില്‍ ജീവൻ നഷ്‌ടമായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.