ന്യൂഡല്‍ഹി : യുവാക്കളുടെ മുന്നില്‍ അടയ്ക്കപ്പെട്ട തൊഴിലവസരങ്ങളുടെ വാതിലുകൾ ഇന്ത്യ സഖ്യം തുറന്നു തരുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ ഉദ്ദേശം തൊഴിൽ നൽകുക എന്നല്ലെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. 'യുവാക്കളേ, ഒരു കാര്യം ശ്രദ്ധിക്കുക! നരേന്ദ്ര മോദിയുടെ ഉദ്ദേശം തൊഴിൽ നൽകലല്ല. പുതിയ തസ്‌തികകൾ സൃഷ്‌ടിക്കുന്നതിന് പകരം കേന്ദ്ര സർക്കാരിന്‍റെ ഒഴിഞ്ഞുകിടക്കുന്ന തസ്‌തികകളില്‍ പോലും അദ്ദേഹം കയറി ഇരിക്കുകയാണ്.' രാഹുല്‍ ഗാന്ധി എക്‌സിൽ കുറിച്ചു.
കേന്ദ്രസർക്കാർ പാർലമെന്‍റില്‍ അവതരിപ്പിച്ച കണക്കുകൾ പരിശോധിക്കുമ്പോള്‍ 78 വകുപ്പുകളിലായി 9,64,000 തസ്‌തികകൾ ഒഴിഞ്ഞു കിടക്കുന്നു എന്നാണ് മനസിലാകുന്നത്. റെയിൽവേയിൽ 2.93 ലക്ഷം, പ്രതിരോധ മന്ത്രാലയത്തിൽ 2.64 ലക്ഷം, ആഭ്യന്തര മന്ത്രാലയത്തിൽ 1.43 ലക്ഷം, എന്നിങ്ങനെയാണ് ഒഴിവുകൾ.' രാഹുല്‍ ഗാന്ധി പറഞ്ഞു.
15 പ്രധാന വകുപ്പുകളിലായി 30 ശതമാനത്തിലധികം തസ്‌തികകൾ എന്തുകൊണ്ട് ഒഴിഞ്ഞുകിടക്കുന്നു എന്നതിന് കേന്ദ്ര സർക്കാരിന് ഉത്തരമുണ്ടോ എന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിൽ, പ്രധാനപ്പെട്ട നിരവധി തസ്‌തികകൾ ഒഴിഞ്ഞുകിടക്കുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ആരാണ് വ്യാജ ഗ്യാരന്‍റികളുടെ ബാഗുമായി നടക്കുന്നതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.
സ്ഥിരം നിയമനം നൽകുന്നത് ഒരു ഭാരമായി കരുതുന്ന ബിജെപി സർക്കാർ, സുരക്ഷിതത്വമില്ലാത്ത കരാർ വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
ഒഴിഞ്ഞുകിടക്കുന്ന തസ്‌തികകൾ രാജ്യത്തെ യുവാക്കളുടെ അവകാശമാണെന്നും അവ നികത്താൻ ഇന്ത്യ മുന്നണി പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. തൊഴിലില്ലായ്‌മയുടെ ഇരുട്ട് തകർത്ത് യുവാക്കള്‍ സൂര്യോദയം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.