ചണ്ഡീഗഡ്: 2029-ലും പ്രതിപക്ഷത്തിരിക്കാൻ ഇന്ത്യ സഖ്യം തയ്യാറായിരിക്കണമെന്ന് പരിഹസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ചണ്ഡീഗഡിൽ ജലവിതരണ പദ്ധതിയായ ന്യായ് സേതുവിൻ്റെയും സ്‌മാർട്ട് സിറ്റി മിഷൻ്റെയും ഉദ്ഘാടനം നിർവഹിക്കവെയാണ് ഷാ ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച അദ്ദേഹം, 2029 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്ത് വീണ്ടും എൻഡിഎ ജയിക്കുമെന്ന് പറഞ്ഞു.
"2029-ലും ഇന്ത്യ സഖ്യം പ്രതിപക്ഷത്തിരിക്കാൻ തയ്യാറായിരിക്കുക. പ്രതിപക്ഷം എന്ത് വേണമെങ്കിലും ചെയ്‌ത്കൊളളട്ടെ, 2029 ൽ എൻഡിഎ വീണ്ടും അധികാരത്തിൽ വരും. മോദി ജി വീണ്ടും വരും". അമിത് ഷാ പറഞ്ഞു.
"മൂന്ന് തെരഞ്ഞെടുപ്പുകളിലും കൂടി കോൺഗ്രസിന് ലഭിച്ച സീറ്റുകളെക്കാൾ കൂടുതൽ സീറ്റുകൾ ഈ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയെന്ന് അവർക്ക് (പ്രതിപക്ഷത്തിന്) അറിയില്ല. ഇന്ത്യ സഖ്യം അസ്ഥിരത സൃഷ്‌ടിക്കാൻ ആഗ്രഹിക്കുന്നു. പ്രതിപക്ഷത്ത് നിന്ന്കൊണ്ട് എങ്ങനെയാണ് പ്രവർത്തിക്കേണ്ടതെന്ന് അവര്‍ പഠിക്കണം”. അദ്ദേഹം പറഞ്ഞു.
"അസ്ഥിരത പടർത്താനായി ആഗ്രഹിക്കുന്നവരാണ് ഇവർ. എൻഡിഎ സർക്കാർ നിലനിൽക്കില്ലെന്ന് അവർ ആവർത്തിച്ചാവർത്തിച്ച് പറയുന്നു. ഈ സർക്കാർ കാലാവധി പൂർത്തിയാക്കുമെന്ന് മാത്രമല്ല. അടുത്ത സർക്കാർ എൻഡിഎ തന്നെയായിരിക്കുമെന്ന് അവർക്ക് ഉറപ്പ് നൽകാനാണ് ഞാൻ വന്നിരിക്കുന്നത്. പ്രതിപക്ഷത്ത് നിന്ന് കൊണ്ട് എങ്ങനെ പ്രവർത്തിക്കണമെന്ന് ശരിയായി പഠിക്കുക" അമിത് ഷാ കൂട്ടിച്ചേർത്തു.
Also Read: 'തെരഞ്ഞെടുപ്പുകളില്‍ തോറ്റിട്ടും അഹങ്കാരം തന്നെ'; രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ