മുംബൈ: ബാങ്കിങ്, ധനകാര്യസേവന, ഇന്‍ഷുറന്‍സ്(ബിഎഫ്എസ്ഐ) മേഖലകളില്‍ നാലില്‍ ഒരു വനിത അസ്ഥിരത അനുഭവിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. വൈവിധ്യവത്‌ക്കരണത്തിനും കൂടുതല്‍ ഉള്‍ക്കൊള്ളലിനും കമ്പനികള്‍ ശ്രമിക്കുന്നതിനിടെയാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. അംഗീകാരം, മികച്ച വേതനം, തൊഴിലിടത്തെ സമത്വം എന്നിവയിലാണ് ഈ രംഗത്തെ വനിതകള്‍ പ്രശ്‌നങ്ങള്‍ നേരിടുന്നത്. 167 സ്ഥാപനങ്ങളിലെ 12 ലക്ഷം ജീവനക്കാരെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
ലിംഗ അസമത്വങ്ങള്‍ നിറഞ്ഞ് നില്‍ക്കുന്ന ഈ മേഖലകളില്‍ ഇവ പരിഹരിക്കാനുള്ള നടപടികളും വൈവിധ്യവത്ക്കരണത്തിനും ഉള്‍ക്കൊള്ളലിനുമുള്ള ശ്രമങ്ങളും വേണമെന്നും ഗ്രേറ്റ് പ്ലയ്‌സ് ടു വര്‍ക്ക് ഇന്‍ ഇന്ത്യ എന്ന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഈ മേഖലകളിലെ പുരുഷ ജീവനക്കാരെ അപേക്ഷിച്ച് വനിതാ ജീവനക്കാര്‍ അഞ്ച് ശതമാനം കുറവ് തൊഴിലിട സമത്വമേ അനുഭവിക്കുന്നുള്ളൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദീര്‍ഘകാലം ഈ തൊഴിലുകളില്‍ തുടരുന്നതിനും തൊഴില്‍ സുരക്ഷിതത്വത്തിനും ജോലി ചെയ്യുന്നതിന്‍റെ കാരണങ്ങളിലും വലിയ വ്യത്യാസങ്ങള്‍ ഉണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
സാമ്പത്തിക, ആരോഗ്യ, ജനറല്‍ ഇന്‍ഷുറസ്, നിക്ഷേപ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ വൈകാരികതലത്തിലും വന്‍ ഇടിവുകള്‍ സംഭവിക്കുന്നതായി പഠനത്തില്‍ പറയുന്നു. പത്ത് ശതമാനത്തോളം ഇടിവാണ് ഇത്തരത്തില്‍ ഉണ്ടായിട്ടുള്ളതെന്നും പഠനത്തിലുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര ഇടപെടലുകള്‍ വേണ്ടതിന്‍റെ ആവശ്യകതയിലേക്കാണ് ഈ പഠനങ്ങള്‍ സൂചന നല്‍കുന്നത്.
ഈ മേഖലകളിലേക്ക് വന്‍തോതില്‍ ജീവനക്കാരെ നിയമിക്കുന്നുണ്ട്. നേരത്തെ ഉള്ളവരും പുതിയ ധനകാര്യ കമ്പനികളും ഇത്തരത്തില്‍ ധാരാളം ജീവനക്കാരെ നിയമിക്കുന്നു. ബാങ്കുകള്‍ കരുത്തോടെ വളരുന്നു, ധനകാര്യ സ്ഥാപനങ്ങള്‍ വിപൂലീകരിക്കപ്പെടുന്നു. നിക്ഷേപങ്ങളും ഇന്‍ഷുറന്‍സുകളും വര്‍ദ്ധിക്കുന്നു.
Also Read: മാനസികാരോഗ്യത്തിനും ജോലി സംതൃപ്‌തിയ്‌ക്കും സോഷ്യൽ മീഡിയ ഉപയോഗം കുറയ്‌ക്കാം; പഠനം പറയുന്നതിങ്ങനെ
മികച്ച പ്രതിഫലം നല്‍കലിനും ആരോഗ്യകരമായ ലാഭം പങ്കിടലിനുമപ്പുറം ഇത്തരത്തില്‍ ഈ മേഖലയിലെ തൊഴിലിടങ്ങളിലുള്ള അസമത്വങ്ങള്‍ കൂടി പരിഹരിക്കാന്‍ നടപടി വേണമെന്ന് ഗ്രേറ്റ് പ്ലയ്‌സ് ടു വര്‍ക്ക് ഇന്ത്യ സംരഭകയും സിഇഒയുമായ യശ്വസിനി രാമസ്വാമി കൂട്ടിച്ചേര്‍ത്തു.