ചെന്നൈ: മനുഷ്യ ഭ്രൂണത്തിന്‍റെ തലച്ചോറിന്‍റെ 3ഡി ചിത്രങ്ങളുമായി മദ്രാസ് ഐഐടി. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു പരീക്ഷണം. ബ്രെയ്‌ന്‍മാപ്പിങ് സാങ്കേതികതയില്‍ മറ്റ് ലോകരാജ്യങ്ങളെ ഇതോടെ നാം മറികടന്നിരിക്കുന്നു. ധരണി എന്ന് പേരിട്ടിട്ടുള്ള ഇതിന്‍റെ വിവരങ്ങള്‍ ഇപ്പോള്‍ ലോകമെങ്ങും തികച്ചും സൗജന്യമായി ലഭ്യമാണ്.
ഐഐടിയിലെ സുധ ഗോപാലകൃഷ്‌ണന്‍ ബ്രയിന്‍ സെന്‍ററില്‍ വികസിപ്പിച്ച ബ്രയിന്‍ മാപ്പിങ് സാങ്കേതികതയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ ആദ്യമായി തലച്ചോറിന്‍റെ 5132 ഭാഗങ്ങള്‍ ഇതില്‍ ഡിജിറ്റലായി അവതരിപ്പിച്ചിരിക്കുന്നു. ന്യൂറോ സയന്‍സ് മേഖലയില്‍ വിപ്ലവങ്ങള്‍ സൃഷ്‌ടിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
തലച്ചോറിനെ ബാധിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഫലപ്രദമായ ചികിത്സ വികസിപ്പിക്കുന്നതിനും ഇതിലൂടെ സാധിക്കുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ സുധാ ഗോപാലകൃഷ്‌ണന്‍ ബ്രെയിന്‍ സെന്‍ററിന്‍റെ അധ്യക്ഷന്‍ മോഹന ശങ്കര്‍ ശിവപ്രകാശം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ലോകത്തിലെ അഞ്ചിലൊന്ന് ജനനവും നടക്കുന്ന ഇന്ത്യയില്‍ നടന്ന ഇത്തരമൊരു കണ്ടെത്തല്‍ ഏറെ നിര്‍ണായകമെന്നാണ് വിലയിരുത്തല്‍. കംപാരിറ്റീവ് ന്യൂറോളജിയുടെ പ്രത്യേക പതിപ്പില്‍ ഇതേക്കുറിച്ചുള്ള പഠനം പ്രസിദ്ധീകരിക്കും. ഐഐടി മദ്രാസ്, സവിത മെഡിക്കല്‍ കോളജാശുപത്രിയും സംയുക്തമായാണ് പഠനം നടത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വിവിധ പ്രായത്തിലുള്ള 200ലേറെ തലച്ചോര്‍ സാമ്പിളുകള്‍ രാജ്യത്തെ വിവിധ മെഡിക്കല്‍ സ്ഥാപനങ്ങളില്‍ നിന്ന് ശേഖരിച്ചാണ് പഠനം നടത്തിയത്. ഇവയെ സെല്ലുലാര്‍ ലെവലിലേക്ക് മാറ്റുകയും പിന്നീട് ത്രിമാന ചിത്രങ്ങള്‍ ആക്കുകയുമായിരുന്നു.
മനുഷ്യ ഭ്രൂണത്തിലെ തലച്ചോറിന്‍റെയും ആകൃതിയും പ്രവര്‍ത്തനങ്ങളും പഠിക്കാനായാണ് ഇത്തരത്തില്‍ ത്രിമാന ചിത്രങ്ങള്‍ വികസിപ്പിച്ചത്. മനുഷ്യ തലച്ചോറിലെ കേടുപാടുകള്‍ തടയുക എന്നത് ലക്ഷ്യമിട്ടാണ് ഇത്തരമൊരു പഠനം. നിരവധി പഠനങ്ങള്‍ തലച്ചോറിനെ സംബന്ധിച്ച് നടക്കുന്നുണ്ട്.
തയാറാക്കിയ പഠനം പ്രസിദ്ധീകരണത്തിനായി കംപാരിറ്റീവ് ന്യൂറോളജി ജേര്‍ണലിന്‍റെ അമേരിക്കന്‍ എഡിറ്റര്‍ സൂസന ഹെര്‍ക്കുലനോയ്ക്ക് അയച്ച് കൊടുത്തിട്ടുണ്ട്. പഠനം കണ്ട എഡിറ്റര്‍ ഇതിനെ വാനോളം പുകഴ്‌ത്തി. 115 കോടി രൂപ ചെലവിട്ടാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. ആര്‍ക്കും മനുഷ്യമസ്‌തിഷ്‌കത്തെ മനസിലാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്ന് ഐഐടി മദ്രാസ് മേധാവി കാമകോടി പറഞ്ഞു.
ഒരു കുഞ്ഞ് ഗര്‍ഭപാത്രത്തില്‍ വികസിക്കുമ്പോള്‍ തലച്ചോറും ഏറെ വികസിക്കുന്നുണ്ട്. ആസമയത്ത് ഭ്രൂണത്തിലെ കുഞ്ഞിന്‍റെ തലച്ചോറിന് ക്ഷതം സംഭവിക്കാന്‍ കൂടുതല്‍ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Also Read; ഗർഭകാലത്തെ ഉറക്കക്കുറവ് കുഞ്ഞുങ്ങളിൽ ഈ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമായേക്കും