ചെന്നൈ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസിന് 228 കോടി രൂപ സംഭാവന കൈമാറി വിശിഷ്‌ട പൂർവ്വ വിദ്യാർത്ഥി അവാർഡ് ജേതാവായ ഡോ കൃഷ്‌ണ ചിവുകുല. ഐഐടി മദ്രാസിന്‍റെ ചരിത്രത്തിൽ ഒരാളിൽ നിന്നും ലഭിക്കുന്ന ഏറ്റവും വലിയ സംഭവനയാണിത്. ഇന്ത്യയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും ഇത്രയുമധികം സംഭാവന മുൻപ് ലഭിച്ചിട്ടില്ലായെന്നതും ശ്രദ്ധേയമാണ്.
യുഎസിൽ വളർന്നുവരുന്ന സാങ്കേതികവിദ്യയായ മെറ്റൽ ഇൻജക്ഷൻ മോൾഡിംഗ് (എംഐഎം)' എന്ന അത്യാധുനിക എഞ്ചിനീയറിംഗ് നിർമ്മാണ സാങ്കേതികവിദ്യ 1997-ൽ ഇന്ത്യയിൽ കൊണ്ടുവന്നയാളാണ് ഡോ. ചിവുകുല. നിലവിൽ എംഐഎം സാങ്കേതിക വിദ്യയിൽ ലോകത്ത് ഒന്നാം സ്ഥാനത്താണ് അദ്ദേഹത്തിൻ്റെ ഉടമസ്ഥതയിലുള്ള ഇൻഡോ- യുഎസ് എംഐഎം ടെക് എന്ന കമ്പനി. 1000 കോടിയോളമാണ് കമ്പനിയുടെ വരുമാനം.
പ്രൊഫഷണൽ മികവും സമൂഹത്തിനുള്ള സംഭാവനകളും കണക്കിലെടുത്ത് 2015-ലാണ് ഡോ കൃഷ്‌ണ ചിവുകുലയ്ക്ക് ഐഐടി മദ്രാസ് വിശിഷ്‌ട പൂർവ്വ വിദ്യാർത്ഥി അവാർഡ് ലഭിച്ചത്. 1970-ൽ ഐഐടി മദ്രാസിൽ നിന്ന് ജെറ്റ് പ്രൊപ്പൽഷനിൽ എം.ടെക് ബിരുദം നേടിയ ഡോ. ചിവുകുല 1980-ൽ ഹാർവാർഡ് ബിസിനസ് സ്‌കൂളിൽ നിന്ന് എംബിഎയും നേടിയിട്ടുണ്ട്.
ഇന്ന് (ആഗസ്റ്റ് 6 ) കാമ്പസിൽ നടന്ന പരിപാടിയിൽ ചിവുകുലയോടുള്ള ബഹുമാനാർത്ഥം ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു അക്കാദമിക് ബ്ലോക്കിന് 'കൃഷ്‌ണ ചിവുകുല ബ്ലോക്ക്' എന്ന് പേര് നൽകി. ഡോ. കൃഷ്‌ണ ചിവുകുല, മദ്രാസ് ഐഐടി ഡയറക്ടർ പ്രൊഫ. വി. കാമകോടി എന്നിവർ പങ്കെടുത്തു. ഐഐടി മദ്രാസ് ഡീൻ (അലുംനി ആൻഡ് കോർപ്പറേറ്റ് റിലേഷൻസ്) പ്രൊഫ.മഹേഷ് പഞ്ചാഗ്നൂല, ഇൻസ്റ്റിറ്റ്യൂഷണൽ അഡ്വാൻസ്‌മെൻ്റ് ഓഫീസ് സിഇഒ കവിരാജ് നായർ, ഐഐടി മദ്രാസ് ഫാക്കൽറ്റി, ഗവേഷകർ, സ്റ്റാഫ്, വിദ്യാർഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.