ഹൈദരാബാദ് : ടോളിവുഡ് താരം അക്കിനേനി നാഗാര്‍ജുനയുടെ കണ്‍വന്‍ഷന്‍ സെന്‍റര്‍ ഇടിച്ച് നിരത്തിയ നടപടിയിലെ വിവാദം അവസാനിക്കും മുമ്പ് മുഖ്യമന്ത്രിയുടെ സഹോദരനടക്കമുള്ള പ്രമുഖരുടെ കെട്ടിടങ്ങള്‍ക്കും നോട്ടിസ് നല്‍കി ഹൈദരാബാദ് ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ആന്‍ഡ് അസറ്റ് മോണിറ്ററിങ് ആന്‍ഡ് പ്രൊട്ടക്ഷന്‍ ഏജന്‍സി (ഹൈഡ്ര) രംഗത്ത്. നാഗാര്‍ജുനയുടെ മധപൂരിലുള്ള ഹൈദരാബാദ് സെന്‍ട്രല്‍ ബിസിനസ് സെന്‍ററില്‍ സ്ഥിതി ചെയ്‌തിരുന്ന കണ്‍വന്‍ഷന്‍ സെന്‍ററാണ് ഇടിച്ച് നിരത്തിയത്. ഇപ്പോള്‍ തിരുപ്പതി റെഡ്ഡിയിലെ താമസക്കാര്‍ക്കാണ് ഹൈഡ്ര നോട്ടിസ് നല്‍കിയിരിക്കുന്നത്.
മധപൂര്‍ അമര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ താമസക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നോട്ടിസ് പ്രകാരം ഈ കെട്ടിടങ്ങള്‍ ഒരു മാസത്തിനകം ഇടിച്ച് നിരത്തുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ഫുള്‍ടാങ്ക് ലെവല്‍ (എഫ്‌ടിഎല്‍) അതിര്‍ത്തിക്കുള്ളിലാണ് കെട്ടിടം നിലനില്‍ക്കുന്നത്. തിരുപ്പതി റെഡ്ഡിക്ക് പുറമെ കാവേരി ഹില്‍സ്, നെക്താര്‍സ് കോളനി, ഡോക്‌ടേഴ്‌സ് കോളനി, അമര്‍ സൊസൈറ്റി തുടങ്ങി ദുര്‍ഗാം കുളത്തിന് സമീപത്തുള്ള എല്ലാ താമസക്കാര്‍ക്കും നോട്ടിസ് നല്‍കിയിട്ടുണ്ട്. നോട്ടിസ് ലഭിച്ചവരില്‍ ഐഎഎസ് -ഐആര്‍എസ് ഉദ്യോഗസ്ഥര്‍, ചലച്ചിത്ര, രാഷ്‌ട്രീയ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. ഈ അനധികൃത കെട്ടിടങ്ങള്‍ ഒരുമാസത്തിനുള്ളില്‍ ഇടിച്ച് നിരത്തുമെന്നാണ് മുന്നറിയിപ്പ്.
ആയിരക്കണക്കിന് ആഢംബര കെട്ടിടങ്ങളാണ് ഹൈടെക് സിറ്റിയിലെ റയദര്‍ഗ്-മധപൂര്‍ മേഖലയിലെ ദുര്‍ഗാം കുളത്തിന് സമീപമുള്ളത്. ഹൈദരാബാദിലെ ദുര്‍ഗാം കുളത്തിന് സമീപമുള്ള അനധികൃത നിര്‍മ്മിതികള്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ് ഹൈഡ്രയിപ്പോള്‍. 204 വീടുകള്‍ക്ക് ഇതിനകം നോട്ടിസ് നല്‍കിക്കഴിഞ്ഞു.
തന്‍റെ കണ്‍വന്‍ഷന്‍ സെന്‍റര്‍ പൊളിച്ച് കളഞ്ഞത് അനധികൃതമാണെന്ന് നാഗാര്‍ജുന പ്രതികരിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഇത് തള്ളി. ഇത് സംബന്ധിച്ച വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെയാണ് രേവന്ത് റെഡ്ഡിയുടെ സഹോദരന് തന്നെ ഹൈഡ്ര നോട്ടിസ് നല്‍കിയിരിക്കുന്നത്.
ഹൈദരാബാദിലും സമീപപ്രദേശങ്ങളിലുമുള്ള തടാകങ്ങളുടെയും കുളങ്ങളുടെയും കയ്യേറ്റങ്ങൾ ഒഴിപ്പിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി നേരത്തെ വ്യക്തമാക്കിയിരുന്നു. ജലസ്രോതസുകൾ ജനങ്ങളുടെ ജല ആവശ്യങ്ങൾ നിറവേറ്റുന്നതിന് അത്യന്താപേക്ഷിതമായതിനാൽ അവയെ സംരക്ഷിക്കാൻ സർക്കാർ തീരുമാനിച്ചതായും രേവന്ത് റെഡ്ഡി പറഞ്ഞു. സമ്മർദത്തിന് സർക്കാർ വഴങ്ങില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നൂറുകണക്കിനു വർഷങ്ങൾക്ക് മുമ്പ് നൈസാം ഹൈദരാബാദിനെ തടാക നഗരമായാണ് വികസിപ്പിച്ചതെന്ന് രേവന്ത് റെഡ്ഡി ഹരേ കൃഷ്‌ണ ഹെറിറ്റേജ് ടവറിന്‍റെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കവേ പറഞ്ഞിരുന്നു.