ബെംഗളൂരു: മനുഷ്യക്കടത്ത് ആരോപണങ്ങൾക്കിടെ നഗരത്തിൽ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍റെ റെയ്‌ഡ്. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ പ്രിയങ്ക് കങ്കൂണിൻ്റെ നേതൃത്വത്തിലുള്ള സംഘം നഗരത്തിലെ വിവിധ സ്ഥലങ്ങളിലായി നടത്തിയ റെയ്‌ഡിനിടെ 20 പെൺകുട്ടികളെ രക്ഷപ്പെടുത്തി. അനധികൃതമായി നടത്തുന്ന ഒരു സ്ഥാപനത്തില്‍ നിന്നാണ് ഇരുപത് പെണ്‍കുട്ടികളെ സംഘം കണ്ടെത്തിയത്.
ബംഗളൂരു അമര്‍ജ്യോതിയിലുള്ള അശ്വത് നഗറിലാണ് ഈ അനധികൃത സ്ഥാപനം പ്രവർത്തിക്കുന്നത്. 20 പെണ്‍കുട്ടികളെയും അവിടെയാണ് താമസിപ്പിച്ചിരിക്കുന്നത്. പെണ്‍കുട്ടികളെല്ലാവരും തന്നെ അനാഥരാണെന്നാണ് വിവരം. (Alleged human trafficking in Bengaluru: NCPCR officials raid - 20 girls rescued).
"ഇവിടെ ഏകദേശം 20 പെണ്‍കുട്ടികൾ ഉണ്ടായിരുന്നു. അവർക്ക് ശരിയായ വിദ്യാഭ്യാസം നൽകിയിരുന്നില്ല. അവർക്ക് മതപരമായ വിദ്യാഭ്യാസം മാത്രമാണ് ആകെ നൽകിയിരിക്കുന്നത്. കൂടാതെ ഈ വിദ്യാഭ്യാസ കേന്ദ്രം നടത്തുന്നതിന് ലൈസൻസ് ലഭിച്ചിട്ടില്ല". പ്രിയങ്ക് കങ്കൂൺ ആരോപിച്ചു.
കണ്ടെത്തിയ പെൺകുട്ടികളെ ഗൾഫ് രാജ്യങ്ങളിലേക്ക് കടത്തി വിടുന്നതായി പരാതിയുണ്ട്. വിവാഹത്തിന്‍റെ പേരില്‍ ഗൾഫ് രാജ്യങ്ങളിലേക്ക് പെൺകുട്ടികളെ കയറ്റി അയക്കുന്നതിനായാണ് ഈ സ്ഥാപനം നടത്തുന്നതെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷൻ പറഞ്ഞു. ഇരയായ പെണ്‍കുട്ടികളുമായി സംസാരിച്ചപ്പോള്‍ അനാഥാലയം പരിപാലിക്കുന്ന ഒരു സ്ത്രീയ്ക്ക് ഗള്‍ഫ് രാജ്യങ്ങളിലടക്കം വലിയ ബന്ധങ്ങളുണ്ടെന്നാണ് ബാലാവകാശ സംരക്ഷണ കമ്മീഷന് ലഭിച്ച വിവരം.
അടച്ചിട്ട കെട്ടിടത്തില്‍ ബന്ധികളാക്കിയ നിലയിലായിരുന്നു പെണ്‍കുട്ടികള്‍. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അനാഥാലയം പരിപാലിക്കുന്ന സ്ത്രീയും സംഘവും ഗുണ്ടകളെന്ന് വിളിച്ച് തങ്ങളെ ആക്രമിച്ചെന്നും പ്രിയങ്ക് കങ്കൂൺ പറഞ്ഞു (Human trafficking in bengaluru; NCPCR officials raid - 20 girls rescued).
'പെണ്‍കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മീഷന് മുന്നില്‍ ഹാജരാക്കാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചപ്പോള്‍ അനാഥാലയം പരിപാലിക്കുന്ന സ്ത്രീയും സംഘവും ചേര്‍ന്ന് തങ്ങളെ ആക്രമിക്കുകയായിരുന്നു. ഗുണ്ടാ സംഘത്തെ വിളിച്ചു വരുത്തിയാണ് അവര്‍ ആക്രമണം നടത്തിയത്'. പ്രിയങ്ക് കങ്കൂൺ പറഞ്ഞു.
ദക്ഷിണേന്ത്യയിൽ ഇത്തരം കേസുകൾ നിരവധി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അതിനാൽ എൻസിപിസിആർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും ബാലാവകാശ സംരക്ഷണ കമ്മീഷൻ അറിയിച്ചു. സംഭവത്തിൽ എൻസിപിസിആർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ നഗരത്തിലെ സാമ്പിഗെഹള്ളി പൊലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും കാര്യങ്ങള്‍ അവര്‍ക്ക് ബോധ്യപ്പെടുകയും ചെയ്‌ടതിട്ടുണ്ടെന്നും പ്രിയങ്ക് കങ്കൂൺ കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്ന് സാമ്പിഗെഹള്ളി പൊലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. തുടര്‍ നിയമ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.