ബെഗളുരു: കർണാടകയിലെ ഹുബ്ബള്ളിയിൽ കോളജ് വിദ്യാർഥിനി ക്യാമ്പസിൽ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. കൊലപാതകത്തിന് പിന്നിൽ ലൗ ജിഹാദാണെന്നും സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയെയാണ് ഇത് കാണിക്കുന്നതെന്നും ബിജെപി ആരോപിച്ചു. എന്നാൽ തീർത്തും വ്യക്തിപരമായ സംഭവമാണ് നടന്നതെന്നും ലൗ ജിഹാദ് അല്ലെന്നും കോൺഗ്രസ് വ്യക്തമാക്കി. സംഭവത്തിൽ നീതി ആവശ്യപ്പെട്ട് എബിവിപി അടക്കമുള്ള സംഘടനകൾ പ്രതിഷേധത്തിലാണ്.
ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്തുണ്ടായ കൊലപാതകം കോൺഗ്രസിനും ബിജെപിക്കുമിടയിലെ ചേരിതിരിവ് രൂക്ഷമാക്കി. ബിവിബി കോളജ് വിദ്യാർഥിനിയായ നേഹ ഹിരേമത്ത് (23) കഴിഞ്ഞ വ്യാഴാഴ്‌ച (ഏപ്രിൽ 18)യാണ് ക്യാമ്പസിൽ വെച്ച് ആൺസുഹൃത്തിന്‍റെ കുത്തേറ്റു മരിച്ചത്. സംഭവത്തിന് ശേഷം പ്രതിയായ ഫയാസ് ഖോണ്ടുനായികിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
യുവാവ് നിരന്തരമായി ശല്യം ചെയ്‌തിരുന്നെന്നും, പ്രണയാഭ്യർത്ഥന നിരസിച്ചതിന്‍റെ വിരോധത്തിലാണ് തന്‍റെ മകളെ കുത്തിക്കൊന്നതെന്നും നേഹയുടെ പിതാവ് പറഞ്ഞു. തന്‍റെ മകളോട് ചെയ്‌ത അനീതി ഇനി ഒരു പെൺകുട്ടിയോടും ഇയാൾ ചെയ്യരുതെന്നും, ഇതിനായി പ്രതിയെ തൂക്കിക്കൊല്ലണമെന്നും പിതാവ് ആവശ്യപ്പെട്ടു.
അതേസമയം ഇരുവരും പ്രണയത്തിലായിരുന്നതായും, യുവതി പ്രണയത്തിൽ നിന്നും പിന്മാറിയതിന്‍റെ വിരോധത്തിലാണ് ഇയാൾ കുത്തിക്കൊന്നതെന്നും ആഭ്യന്തരമന്ത്രി ജി പരമേശ്വര പ്രതികരിച്ചു. സംഭവത്തിൽ ലൗ ജിഹാദ് ഇല്ലെന്നും ബിജെപിയുടെ ആരോപണങ്ങൾ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ളതാണെന്നു അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്നും പ്രതിക്ക് തക്കതായ ശിക്ഷ നൽകുമെന്നും പരമേശ്വര കൂട്ടിച്ചേർത്തു. ഹുബ്ബള്ളി-ധാർവാഡ് മുനിസിപ്പൽ കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലർ നിരഞ്ജൻ ഹിരേമത്തിൻ്റെ മകളാണ് മരിച്ച നേഹ.