ന്യൂഡല്‍ഹി: ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ ദിവസങ്ങള്‍ക്ക് ശേഷം സുരക്ഷിതമായി പുറത്തെത്തിച്ച റാറ്റ്ഹോള്‍ മൈനര്‍ സംഘത്തിലുണ്ടായിരുന്ന വഖീല്‍ ഹസന്‍റെ വീട് ഇടിച്ച് നിരത്തി ഡല്‍ഹി സര്‍ക്കാര്‍. ഡല്‍ഹിയിലെ ഖജൂരിഖാസില്‍ ഡല്‍ഹി വികസന അതോറിറ്റിയുടെ നേതൃത്വത്തില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ നശിപ്പിക്കുന്നതിന്‍റെ ഭാഗമായി നടത്തിയ നീക്കത്തിലാണ് വഖീല്‍ഹസന് വീട് നഷ്‌ടപ്പെട്ടത്. ഇതേക്കുറിച്ച് യാതൊരു അറിയിപ്പും തങ്ങള്‍ക്ക് ലഭിച്ചിരുന്നില്ലെന്നും വഖീല്‍ ഹസന്‍റെ കുടുംബം പറയുന്നു (Silkaya tunnel).
41 പേരുടെ ജീവന്‍ രക്ഷിച്ച വ്യക്തിയുടെ ജീവനും ജീവിതവും ഇപ്പോള്‍ അപകടത്തിലായിരിക്കുന്നു എന്നാണ് ഹസന്‍റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടുന്നത്. ഇദ്ദേഹത്തിന് കുടുംബത്തിനും കുട്ടികള്‍ക്കുമൊപ്പം തെരുവിലിറങ്ങേണ്ടി വന്നിരിക്കുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ ഇവരുടെ നേട്ടങ്ങള്‍ രാജ്യമെമ്പാടും ആഘോഷിച്ച വേളയില്‍ തനിക്കും കുടുംബത്തിനും ഒരു വീട് വേണമെന്ന ആവശ്യം ഇദ്ദേഹം സര്‍ക്കാരിന് മുന്നില്‍ വച്ചതാണ്. എന്നാല്‍ ഇദ്ദേഹത്തിന് വീട് നല്‍കുന്നതില്‍ സര്‍ക്കാരിന് വീഴ്‌ച സംഭവിക്കുക മാത്രമല്ല കേറിക്കിടന്നിരുന്ന ഇടം ഇല്ലാതാക്കുക കൂടി ചെയ്തിരിക്കുന്നുവെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഹസന് തന്‍റെ കുടുംബത്തെ കൊണ്ടുപോയി പാര്‍പ്പിക്കാന്‍ മറ്റൊരു സ്ഥലവും ഇല്ല(rate-hole miners).
കഴിഞ്ഞ ദിവസം വീട് പൊളിക്കാന്‍ അധികൃതര്‍ എത്തുമ്പോള്‍ കുട്ടികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. വീട് പൊളിക്കുന്നതിനിടെ തന്‍റെ പതിനഞ്ചുകാരിയായ മകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തെന്ന് ഹസന്‍ പറയുന്നു. ഡല്‍ഹി വികസന സമിതി തങ്ങള്‍ക്ക് അറിയിപ്പ് നല്‍കിയിരുന്നില്ല. വീട് പൊളിക്കരുതെന്ന തങ്ങളുടെ കുടുംബത്തിന്‍റെ ആവശ്യം അവര്‍ അംഗീകരിച്ചതുമില്ല. വീട് പൂര്‍ണമായും തകര്‍ക്കപ്പെട്ടു.
ഖജൂരി ഖാസ് ഗ്രാമത്തില്‍ സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കുകയാണ് തങ്ങള്‍ ചെയ്തതെന്ന് ഡല്‍ഹി വികസന സമിതി പറയുന്നു. വികസന പദ്ധതികള്‍ക്കുള്ള നിര്‍ദ്ദിഷ്‌ട സ്ഥലങ്ങളിലെ അനധികൃത നിര്‍മാണങ്ങള്‍ നീക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടതെന്നാണ് ഇവരുടെ വിശദീകരണം(DDA).
മുസ്ലീമായതിനുള്ള ശിക്ഷയാണ് അധികൃതര്‍ നല്‍കിയതെന്ന് സംഭവത്തില്‍ ജമ്മുകശ്‌മീര്‍ മുന്‍മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്‌തി പ്രതികരിച്ചു. അദ്ദേഹത്തിന്‍റെ ധൈര്യത്തിനും സേവനത്തിനും അഭിനന്ദിക്കേണ്ടതിന് പകരം ശിക്ഷിച്ചിരിക്കുന്നു കാരണം അദ്ദേഹമൊരു മുസ്ലീമാണ് എന്നത് തന്നെ. ഇങ്ങനെയാണ് ബിജെപിക്കാര്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട മുസ്ലീങ്ങളെ ഉദ്ധരിക്കുന്നതെന്നും മെഹബൂബ എക്‌സില്‍ കുറിച്ചു.
ഇവര്‍ക്ക് തത്ക്കാലം കഴിയാന്‍ ഒരിടം പിന്നീട് ഡിഡിഎ നല്‍കാമെന്ന് പറഞ്ഞെങ്കിലും സ്വീകരിക്കാന്‍ ഇവര്‍ തയാറായില്ല. ഡല്‍ഹി ലെഫ്റ്റനന്‍റ് ഗവര്‍ണറും തൊഴിലാളിക്ക് വീട് നല്‍കുമെന്ന ഉറപ്പുമായി രംഗത്ത് എത്തി.