മഥുര (ഉത്തർപ്രദേശ്): ബക്ക് വീറ്റ് ആട്ടയിൽ നിന്നുണ്ടാക്കിയ ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് സ്‌ത്രീകളും കുട്ടികളുമടക്കം 120-ലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലിനമായ ബക്ക് വീറ്റ് ആട്ടയിൽ നിന്നും ഭക്ഷണം ഉണ്ടാക്കിയ കട ഭക്ഷ്യ വകുപ്പ് പിന്നീട് റെയ്‌ഡ് ചെയ്യുകയും സീൽ ചെയ്യുകയും ചെയ്‌തു. ഇന്നലെ (ഓഗസ്‌റ്റ് 26) രാത്രി ഉത്തർപ്രദേശിലെ മഥുര ജില്ലയിലാണ് സംഭവം റിപ്പോർട്ട് ചെയ്യുന്നത്.
ജന്മാഷ്‌ടമി ദിനമായ ഇന്നലെ (ഓഗസ്റ്റ് 26) വ്രതമനുഷ്‌ഠിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ബക്ക് വീറ്റ് ആട്ടയിൽ നിന്നും ഉണ്ടാക്കിയ പൂരികളും പക്കോഡകളും കഴിച്ചശേഷം ഛർദ്ദി, തലകറക്കം, വിറയൽ തുടങ്ങിയവ അനുഭവപ്പെടുകയായിരുന്നു.
ചൊവ്വാഴ്‌ച (ഓഗസ്‌റ്റ് 27) രാവിലെ ആദ്യം 60 - ലധികം ആളുകളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചുവെന്നും പിന്നീട് രോഗികളുടെ എണ്ണം 120 ആയി ഉയർന്നുവെന്നും ചീഫ് മെഡിക്കൽ ഓഫീസർ (സിഎംഒ) ഡോ അജയ് കുമാർ വർമ്മ പറഞ്ഞു. രോഗികളെയെല്ലാം വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി സിഎംഒ അറിയിച്ചു. പ്രതികളായ കടയുടമകൾ ഒളിവിലാണ്. ചികിത്സയിലുള്ള എല്ലാവരും സുരക്ഷിതരാണെന്ന് പൊലീസ് പറഞ്ഞു. ഭക്ഷ്യ വകുപ്പ് നിയമനടപടികൾ തുടരുകയാണെന്നും പ്രദേശത്തെ കടകളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.