ന്യൂഡല്‍ഹി: വയസായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടിലിരുന്ന് തന്നെ വോട്ടു ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിക്കൊണ്ട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിജ്ഞാപനം പുറത്തിറക്കി. 85 വയസിന് മുകളിലുള്ളവര്‍ക്കും 40ശതമാനത്തിലേറെ ഭിന്നശേഷിയുള്ളവര്‍ക്കുമാണ് ഈ സൗകര്യം ലഭ്യമാക്കുക. ഒന്നും രണ്ടും ഘട്ട തെരഞ്ഞെടുപ്പുകളിലേക്ക് ഇതിനകം തന്നെ ഈ സൗകര്യം ഉപയോഗിച്ച് വോട്ട് ചെയ്യല്‍ ആരംഭിച്ചതായും കമ്മീഷന്‍ വ്യക്തമാക്കി.
രാജ്യമെമ്പാടുമായി 85 വയസിന് മേല്‍ പ്രായമുള്ള 81 ലക്ഷം പേരുണ്ട്. 90 ലക്ഷം ഭിന്നശേഷിക്കാരും ഉണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാറും കമ്മിഷനംഗങ്ങളായ ഗ്യാനേഷ് കുമാറും ഡോ.സുഖ്‌ബിര്‍ സിങ് സന്ധുവുമാണ് ഇക്കാര്യം അറിയിച്ചത്. ദൈനം ദിന ജീവിതത്തില്‍ ഇത്തരക്കാരെക്കൂടി ഉള്‍ക്കൊള്ളണം എന്ന സന്ദേശം കൂടിയാണ് തങ്ങള്‍ ഇതിലൂടെ നല്‍കാന്‍ ശ്രമിക്കുന്നതെന്നും കമ്മീഷന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഈ വിഭാഗത്തിലുള്ളവരോടുള്ള ആദരവ് കൂടിയാണിത്.
കമ്മീഷന്‍റെ ഇടപെടലിലൂടെ തങ്ങള്‍ക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാന്‍ അവസരം ലഭിച്ചതില്‍ ഇവര്‍ നന്ദിയും രേഖപ്പെടുത്തി. രഹസ്യ സ്വഭാവം മാനിച്ച് തന്നെയാണ് വീട്ടില്‍ വച്ച് വോട്ട് രേഖപ്പെടുത്താനായതെന്നും ഒന്നാംഘട്ട വോട്ടെടുപ്പിന്‍റെ ഭാഗമായി വോട്ടുകള്‍ രേഖപ്പെടുത്തിയവര്‍ വ്യക്തമാക്കി.
രാജസ്ഥാനിലെ ചുരുവില്‍ ഒരു കുടുംബത്തിലെ എട്ട് ഭിന്നശേഷിക്കാരാണ് വീട്ടിലിരുന്ന് ആദ്യമായി വോട്ട് രേഖപ്പെടുത്തിയത്. രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന്‍റെ കരുത്ത് വിളിച്ചോതുന്ന നടപടിയായി ഇത്.
ഛത്തീസ്‌ഗഡില്‍ 87 വയസുള്ള ഇന്ദുമതി പാണ്ഡെയും 86വയസുള്ള സോന്‍മതി ബാഗേലും വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്തി. ഇവര്‍ ബസ്‌തര്‍, സുക്‌മ ഗിരിവര്‍ഗ ജില്ലകളില്‍ നിന്നുള്ളവരാണ്.
Also Read: ഇന്ദിരാ ഗാന്ധിയുടെ ഘാതകന്‍റെ മകന്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നു
മഹാരാഷ്‌ട്രയില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ 107 കിലോമീറ്റര്‍ സഞ്ചരിച്ചാണ് രണ്ട് മുതിര്‍ന്ന വോട്ടര്‍മാരുടെ വീട്ടിലെത്തി വോട്ട് ചെയ്യിച്ചത്. മാവോയിസ്റ്റ് സാന്നിധ്യമുള്ള ഗഡ്‌ചിറോളി ജില്ലയിലെ സിറോന്‍ച പട്ടണത്തിലെ വോട്ടര്‍മാരാണ് ഇവര്‍. കഴിഞ്ഞ മാസം തെരഞ്ഞെടുപ്പ് പ്രഖ്യാപന വേളയില്‍ തന്നെ വൃദ്ധര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടിലിരുന്ന് തന്നെ വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്ന് വ്യക്തമാക്കിയിരുന്നു.