ദിസ്‌പൂര്‍: അസമിൽ ഗോമാംസം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ബുപെൻ കുമാർ ബോറ കത്ത് നല്‍കിയാല്‍ നിരോധിക്കാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. കോൺഗ്രസിന്‍റെ ശക്തികേന്ദ്രമായ സമഗുരിയില്‍ വിജയിക്കുന്നതിനായി ബിജെപി ബീഫ് വിതരണം ചെയ്‌തു എന്ന കോൺഗ്രസ് എംപി റാക്കിബുൾ ഹുസൈൻ്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ഹിമന്ത ബിശ്വ ശർമ്മ. പ്രതിപക്ഷ പാർട്ടി ഈ വിഷയം ഉന്നയിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
മുസ്‌ലിം ആധിപത്യമുള്ള സമഗുരി 25 വർഷമായി കോൺഗ്രസിനൊപ്പം നില്‍ക്കുകയായിരുന്നു. അത്തരിത്തിലുളള ഒരു മണ്ഡലത്തിൽ കോൺഗ്രസ് 25,000 ത്തോളം വോട്ടിന് തോറ്റത് വലിയ നാണക്കേടാണെന്നും ശര്‍മ്മ പറഞ്ഞു. ഇത് ബിജെപിയുടെ വിജയത്തേക്കാൾ കോൺഗ്രസിൻ്റെ പരാജയമാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാസം നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് എംപി റാക്കിബുൾ ഹുസൈൻ്റെ മകൻ തൻസിലിനെ ബിജെപിയുടെ ദിപ്ലു രഞ്ജൻ ശർമ്മ 24,501 വോട്ടുകൾക്ക് പരാജയപ്പെടുത്തിയിരുന്നു.
സങ്കടത്തിനിടയിലും ബീഫ് കഴിക്കുന്നത് തെറ്റാണെന്ന് റാക്കിബുൾ ഹുസൈൻ പറഞ്ഞു, അല്ലേ? എന്ന് ചോദിച്ച മുഖ്യമന്ത്രി, കോൺഗ്രസും ബിജെപിയും വോട്ടർമാർക്ക് ബീഫ് നല്‍കി തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത് തെറ്റാണെന്നും വ്യക്തമാക്കി. വോട്ടർമാർക്ക് ബീഫ് നല്‍കിയാണോ കോൺഗ്രസ് സമഗുരിയില്‍ ഇത്രയും കാലം വിജയിച്ചിരുന്നത് എന്നും അദ്ദേഹം ചോദിച്ചു.
റാക്കിബുൾ ഹുസൈന് സമഗുരിയെ നന്നായി അറിയാം. ബീഫ് നല്‍കി സമഗുരിയില്‍ ജയിക്കാമെന്നാണോ അദ്ദേഹം ഇതിലൂടെ അര്‍ഥമാക്കുന്നത്? അദ്ദേഹം തെറ്റാണെന്ന് പറഞ്ഞതു പോലെ ബീഫ് നിരോധിക്കണമെന്ന് തന്നെയാണ് തനിക്കും പറയാനുളളത്. അദ്ദേഹം തനിക്ക് രേഖാമൂലം അത് എഴുതി നൽകിയാൽ ബീഫ് നിരോധിക്കാം. ബീഫ് നിരോധിച്ചാല്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നും ശർമ്മ പറഞ്ഞു.
ഹുസൈൻ്റെ പ്രസ്‌താവനയുടെ പശ്ചാത്തലത്തിൽ ബീഫ് വിഷയത്തിലുള്ള തൻ്റെ നിലപാട് സംബന്ധിച്ച് സംസ്ഥാന കോൺഗ്രസ് അധ്യക്ഷന് കത്തെഴുതുമെന്നും മുഖ്യമന്ത്രി പറഞ്ഞു. താന്‍ ഭൂപെൻ ബോറയ്ക്ക് കത്തെഴുതുകയും റാക്കിബുൾ ഹുസൈൻ പറയുന്നതു പോലെ ബീഫ് നിരോധിക്കണമെന്ന അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ എന്ന് ആരായുകയും ചെയ്യും. മറുപടി അറിയിക്കാനും ആവശ്യപ്പെടും.
അതനുസരിച്ച് അടുത്ത നിയമസഭയിൽ ബീഫ് പൂർണമായും നിരോധിക്കും. പിന്നെ ബിജെപി, എജിപി, സിപിഎം തുടങ്ങി പാര്‍ട്ടികള്‍ക്കൊന്നും ബീഫ് വാഗ്‌ദാനം ചെയ്യാന്‍ കഴിയില്ല. ഹിന്ദുക്കളും മുസ്‌ലിംകളും ക്രിസ്ത്യാനികളും എല്ലാവരും ബീഫ് കഴിക്കുന്നത് നിർത്തും. അതോടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും എന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ വ്യക്തമാക്കി. റാക്കിബുൾ ഹുസൈൻ ബീഫ് നിരോധനത്തിനുളള ആദ്യ പടി വച്ചതില്‍ സന്തോഷമുണ്ട്. ഇനി രണ്ടാമത്തെ ചുവട് എടുക്കേണ്ടത് ഭുപെൻ ബോറയാണെന്നും ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അതേസമയം, അസമിൽ ഗോമാംസം കഴിക്കുന്നത് നിയമവിരുദ്ധമല്ല. എന്നാൽ 2021ലെ അസം കന്നുകാലി സംരക്ഷണ നിയമം അനുസരിച്ച് ഹിന്ദുക്കളും ജൈനരും സിഖുകാരും കൂടുതലുള്ള പ്രദേശങ്ങളിലും ക്ഷേത്രത്തിൻ്റെയും സത്രത്തിൻ്റെയും അഞ്ച് കിലോമീറ്റർ ചുറ്റളവിലും കന്നുകാലി കശാപ്പും ഗോമാംസം വിൽപ്പനയും നിരോധിച്ചിരുന്നു.