ഗുവാഹത്തി: അസമിലെ കച്ചാർ ജില്ലയിൽ നിന്ന് 105 കോടി രൂപയുടെ ഹെറോയിൻ പിടിച്ചു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് എക്‌സിലുടെ ഇക്കാര്യം പുറത്തുവിട്ടത്. 10 കിലോയിലധികം തൂക്കം വരുന്ന ഹെറോയിൻ അയൽസംസ്ഥാനത്തു നിന്ന് ഇങ്ങോട്ട് കടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
"105 കോടിയുടെ വൻ മയക്കുമരുന്ന് വേട്ട നടന്നു. മയക്കുമരുന്ന് ശൃംഖല തകര്‍ക്കുന്നതിന് വേണ്ടി കാച്ചര്‍ പൊലീസ് ഒരു പ്രത്യേക ഓപ്പറേഷൻ നടത്തുകയും അയൽസംസ്ഥാനത്ത് നിന്ന് കടത്തിയ 10.333 കിലോഗ്രാം ഹെറോയിൻ കണ്ടുകെട്ടുകയും ചെയ്‌തു" എന്ന് ശർമ്മ എക്‌സിൽ എഴുതി.
മയക്കുമരുന്ന് കടത്തിനെതിരായി പ്രവര്‍ത്തിക്കുന്നതിനും യുവാക്കൾ ഇത്തരമൊരു കെണിയിൽ വീഴാതിരിക്കാനുമുളള സർക്കാരിന്‍റെ പ്രതിജ്ഞാബദ്ധത അദ്ദേഹം പോസ്‌റ്റില്‍ ഊന്നിപ്പറഞ്ഞു. പിടികൂടിയ മയക്കുമരുന്നിന്‍റെയും പ്രതികളുടെയും ചിത്രവും മുഖ്യമന്ത്രി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു.